കൊച്ചി: നഗരത്തിൽ 19കാരിയെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച അർധരാത്രി കാസർകോട് സ്വദേശിനിയായ മോഡലിനെയാണ് മൂന്ന് യുവാക്കൾ കാറിൽവെച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ സ്ത്രീയെയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലെ ഒരു ബാറിൽ രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തുമണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഈസമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവർ കാറിൽ കയറ്റി.
എന്നാൽ, സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒടുവിൽ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു.സംഭവം യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബാറിൽ എത്തിയ പൊലീസ് പരിശോധന നടത്തി. എന്നാൽ, യുവാക്കൾ ഇവിടെ നൽകിയ വിലാസം വ്യാജമായിരുന്നു. യുവതിയുടെ സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്നും കണ്ടെത്തി. പിന്നീട് ഇവരെയും ഒത്താശ ചെയ്ത സ്ത്രീയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ കാറിൽ കയറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനഃപൂർവം ഒഴിഞ്ഞുമാറിയതാണെന്ന സംശയത്തിലാണ് പൊലീസ്. ഇരയാക്കപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ പൊലീസ് ഇടപെട്ട് കളമശ്ശേരിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.