മുംബൈ: കർണാടകയിലെ തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി ആർ.എസ്.എസ് മുഖ മാസിക ഓർഗനൈസർ. തെരഞ്ഞെടുപ്പ് ജയിക്കാൻ മോദി പ്രഭാവവും ഹിന്ദുത്വ പ്രത്യയശാസ്‌ത്രവും മാത്രം മതിയാകില്ലെന്നാണ് ആർ.എസ്.എസ് മുഖമാസികയായ ഓർഗനൈസർ പറയുന്നത്. ശക്തമായ പ്രാദേശിക നേതൃനിരയും പ്രവർത്തനവും അനിവാര്യമാണ്.
കർണാടക തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവി ആർ.എസ്.എസ് നേതൃത്വത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. നിലവിൽ നരേന്ദ്രമോദി–- അമിത് ഷാ കൂട്ടുകെട്ടിനെതിരെ സംഘപരിവാർ നേതൃനിരയിൽ അസംതൃപ്തി വ്യാപകമാകുന്നതിനിടെയാണ് ഓർഗനൈസറിലെ നിരീക്ഷണം ചർച്ചയാകുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടാകാമെന്ന സാധ്യത അപകടകരമാണ്. ബി.ജെ.പിക്ക് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ശരിയായ സമയമിതാണെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കർ എഴുതിയ ലേഖനത്തിൽ പറയുന്നു. സംസ്ഥാനതലത്തിൽ സ്വാധീനം ചെലുത്താനായാൽ മാത്രമെ ഇനി തെരഞ്ഞെടുപ്പുകളിൽ വിജയം കാണാനാകൂ. കര്‍ണാടകയിൽ അതുണ്ടായില്ലെന്നാണ് അഭിപ്രായം. മെയ് 23 നാണിത് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ഒരു പ്രധാന ഘടകമാണെന്നും എഡിറ്റോറിയൽ പറഞ്ഞു, മോദിയുടെ ജനപ്രീതി വോട്ടർമാർക്കിടയിലുള്ള ഭരണവിരുദ്ധതയുമായി പൊരുത്തപ്പെടുന്നതല്ല. പ്രധാനമന്ത്രി മോദി കേന്ദ്രത്തിൽ അധികാരമേറ്റതിന് ശേഷം ആദ്യമായൊരു നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അഴിമതി ആരോപണങ്ങൾ നേരിടേണ്ടി വന്നു.
പ്രാദേശിക നേതാക്കളുടെ പ്രചാരണമാണ് കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചതെന്നും ഓർഗനൈസർ പറഞ്ഞു. ദേശീയ തലത്തിലുള്ള നേതൃത്വത്തിന്റെ പങ്ക് വളരെ കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പ്രാദേശിക തലത്തിൽ നിലനിർത്തയത് കോൺഗ്രസിന് നേട്ടമായെന്നും പറയുന്നു. വി. സോമണ്ണ, ഡോ. കെ. സുധാകർ, ബി. ശ്രീരാമുലു, ഗോവിന്ദ് കാർജോൾ, മുരുകേഷ് നിരാണി, ജെ.സി. മധുസ്വാമി, ബി.സി. പാട്ടീൽ, എം.ടി. ബി നാഗരാജ്, കെ.സി. നാരായണ ഗൗഡ, ബി.സി. നാഗേഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ബൊമ്മൈ സർക്കാരിലെ 14 മന്ത്രിമാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.