കാസർകോട്: ദു:സ്വപ്നങ്ങളിൽപോലും സങ്കൽപിക്കാൻ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കാസർകോട് ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘മതേതര ഇന്ത്യയുടെ ഭാവി’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുകയാണ് മോദിയും കൂട്ടരും ചെയ്യുന്നത്. അയോധ്യയിൽ ശ്രീകോവിലിന് തറക്കല്ലിട്ട ശേഷം മോദിയും യോഗി ആദിത്യനാഥും വിശേഷിപ്പിച്ചത് ഇത് രാഷ്ട്ര ക്ഷേത്രത്തിന്റെ തറക്കല്ലിടലെന്നാണ്. ഇന്ത്യൻ ബഹുസ്വരതയെ പൂർണമായും ഇല്ലാതാക്കുന്ന സമീപനമാണ് ഇവർ നടത്തുന്നത്. ശ്രീരാമന്റെ പ്രതിബിംബമായി അവതരിച്ചാണ് മോദി വോട്ടർമാരെ കാണാൻപോകുന്നത്. മോദിയുടെ പ്രധാന സഖ്യകക്ഷിയായി ഇ.ഡി മാറി. ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭയാനകമായ ഭാവിയാണ് നമുക്ക് മുന്നിലുള്ളത്. ഈ സാഹചര്യം മാറ്റിയെടുത്ത് രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണം.
കാസർകോട് സർവിസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ മുൻ എം.പി പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാനകമ്മിറ്റി അംഗം കെ.പി. സതീഷ്ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ.സി. ബാലൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.