മലപ്പുറം: വാണിജ്യാവശ്യങ്ങൾക്ക് ഒമ്പത് ഇനം വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള മാർഗനിർദേശം മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കി. സെപ്റ്റംബർ 19ന് ട്രാൻസ്പോർട്ട് കമീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ സംസ്ഥാന സർക്കാറിന് നികുതിയിനത്തിൽ കോടികളുടെ വരുമാനം ലഭിക്കും. രൂപമാറ്റം വരുത്തുന്നതിനുള്ള മാർഗനിർദേശങ്ങളടങ്ങിയ ഫയലിന് വകുപ്പ് മന്ത്രിയും സെക്രട്ടറിയും അനുമതി നൽകിയിട്ടും ഉത്തരവാകാതെ ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ കെട്ടിക്കിടക്കുന്ന വിവരം ആഗസ്റ്റ് 27ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ബാങ്കിലേക്കുള്ള കാഷ് വാൻ, മൊബൈൽ തട്ടുകട, റിക്കവറി വാൻ, മൊബൈൽ ക്രെയിൻ, വിനോദസഞ്ചാരത്തിനും സെലിബ്രിറ്റികളുടെ യാത്രക്കും ഉപയോഗിക്കുന്ന കാരവൻ, സ്കൂൾ-കോളജ്-ടൂറിസ്റ്റ് ബസ്, കോൺക്രീറ്റ് മിക്സർ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ രൂപമാറ്റത്തിനുള്ള നിർദേശങ്ങളടങ്ങിയ സർക്കുലറാണ് കമീഷണർ പുറത്തിറക്കിയത്. സാധാരണ വാഹനത്തിനുള്ള നികുതിയുടെ നാലിരട്ടിയാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങളിൽനിന്ന് ഈടാക്കുക. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52, കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ റൂൾ 112 എന്നിവയനുസരിച്ചാണ് വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്നത്.
ഈ നിയമവും ചട്ടവും വ്യാഖ്യാനിക്കുന്നതിലെ വ്യത്യാസം കാരണം കേരളത്തിലെ വിവിധ ആർ.ടി.ഒ ഓഫിസുകളിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷന് പലതരം നിബന്ധനകളാണുണ്ടായിരുന്നത്. ഇതുകാരണം, വാഹനങ്ങൾ കേരളത്തിന് പുറത്തുനിന്ന് രൂപമാറ്റം വരുത്തി രജിസ്ട്രേഷൻ നടത്തി സംസ്ഥാനത്ത് എൻ.ഒ.സിക്കായി എത്തിക്കുകയായിരുന്നു പതിവ്. ഇതുവഴി വർഷംതോറും കോടികളുടെ നികുതി വരുമാനമാണ് സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരുന്നത്.
വാഹന ബോഡികളുടെ രൂപമാറ്റത്തിനുള്ള നിർദേശങ്ങൾക്ക് പുറമെ എൻജിൻ, എൻജിൻ ഭാഗങ്ങൾ എന്നിവയുടെ പരിഷ്കരണം, എൻജിൻ, ചേസിസ് എന്നിവ മാറ്റിസ്ഥാപിക്കൽ, എൻജിൻ, മോട്ടോർ നമ്പറുകൾ പുതുതായി കൊത്തിവെക്കൽ, വാഹനങ്ങളുടെ നിറംമാറ്റം, സീറ്റുകളിലെ മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിർദേശങ്ങളും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.