തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് മാറ്റം വരുത്തിയുള്ള ഉത്തരവിൽ എ.ഐ കാമറ വിവാദം അന്വേഷിക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനും സ്ഥാനചലനം. ആദ്യം റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച ഹനീഷിനെ മണിക്കൂറുകൾക്കകം ഉത്തരവിൽ ഭേദഗതി വരുത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പിലേക്ക് മാറ്റി നിയമിച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പിലേക്ക് മാറ്റി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂവിലേക്ക് മാറ്റി നിയമിക്കാൻ സമ്മർദം ഉയർന്നതിനെ തുടർന്നാണ് ഉത്തരവിൽ ഭേദഗതി വരുത്തിയതെന്നാണ് സൂചന. എ.ഐ കാമറ വിവാദത്തിൽ റിപ്പോർട്ട് സമർപ്പിക്കും മുമ്പാണ് മുഹമ്മദ് ഹനീഷിന് മാറ്റമുണ്ടായത്. എന്നാൽ, അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് മൂന്നു ദിവസത്തിനകം മുഹമ്മദ് ഹനീഷ് സമർപ്പിക്കും. വകുപ്പു മാറ്റം അന്വേഷണത്തിനും റിപ്പോർട്ട് സമർപ്പണത്തിനും തടസ്സമാകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
സുമൻ ബില്ലയാണ് പുതിയ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നികുതി, എക്സൈസ് വകുപ്പിലേക്കാണ് മാറ്റിയത്. റാണി ജോർജാണ് പുതിയ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. ചീഫ് സെക്രട്ടറി വി.പി. ജോയിക്ക് ആദ്യമായി ഒരു വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്.
ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പൂർണ അധിക ചുമതലയാണ് ചീഫ് സെക്രട്ടറി വഹിക്കുക. അതേസമയം, എ.ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം ശേഖരിച്ചാണ് മുഹമ്മദ് ഹനീഷ് റിപ്പോർട്ട് തയാറാക്കുന്നത്. കരാറെടുത്ത എസ്.ആർ.ഐ.ടി, ഉപകരാർ കമ്പനികൾ എന്നിവയിൽനിന്ന് ഉൾപ്പെടെ തെളിവെടുപ്പ് നടത്തിയേക്കും.
കാമറ ഇടപാടിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാറിന് നിർണായകമാണ്. അന്വേഷണത്തിൽ കരാർ ലംഘനമില്ലെന്ന് തെളിഞ്ഞാൽ പദ്ധതിയെ പൂർണമായി പ്രതിരോധിച്ച് സർക്കാറിന് മുന്നോട്ടുപോകാം. കഴിഞ്ഞദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഹനീഷ് കെൽട്രോണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. ഗതാഗത വകുപ്പിന് കെൽട്രോൺ പദ്ധതി സമർപ്പിച്ചപ്പോൾ മുതലുള്ള മുഴുവൻ രേഖകളും പരിശോധിച്ചിരുന്നു.
തലപ്പത്ത് ഒന്നിച്ച് രണ്ട് സ്ഥാനമാറ്റം; വിദ്യാഭ്യാസ വകുപ്പിൽ ആശങ്ക
തിരുവനന്തപുരം: പരിചയസമ്പന്നരായ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ഒന്നിച്ച് സ്ഥാനമാറ്റമുണ്ടായതിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ആശങ്കയും ആശയക്കുഴപ്പവും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന് പിന്നാലെ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെയും മാറ്റിയതാണ് പ്രതിസന്ധിയായത്. വകുപ്പിനെയും മന്ത്രിയെയും വിവാദങ്ങളിൽനിന്ന് സംരക്ഷിച്ച് കൊണ്ടുപോയിരുന്നവരാണ് ഇരുവരും. ദീർഘകാലം പൊതുവിദ്യാഭ്യാസ ഡയറക്ടറായി സേവനമനുഷ്ഠിച്ച പരിചയവും ജനകീയനായ ഡി.പി.ഐ എന്ന ഖ്യാതിയുമാണ് മുഹമ്മദ് ഹനീഷിന് പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയിലും കരുത്തായത്.
മന്ത്രി വി. ശിവൻകുട്ടിയുടെ കൂടി താൽപര്യത്തിലായിരുന്നു ഹനീഷിന് വ്യവസായ വകുപ്പിനൊപ്പം അധിക ചുമതലയായി പൊതുവിദ്യാഭ്യാസ വകുപ്പും നൽകിയത്. അധ്യയന വർഷാരംഭം, പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട നയനിലപാടുകൾ തുടങ്ങിയവ വരുംമാസങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് അഭിമുഖീകരിക്കേണ്ട വെല്ലുവിളികളാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറായി എസ്. ഷാനവാസിനെയും പ്രിൻസിപ്പൽ സെക്രട്ടറിയായി റാണി ജോർജിനെയുമാണ് നിയമിച്ചത്. ഇരുവരും മികച്ച ഉദ്യോഗസ്ഥരാണെങ്കിലും പുതിയ വകുപ്പിനെക്കുറിച്ച് പഠിക്കാൻ സമയം വേണ്ടിവരും. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നപ്പോൾ മുഹമ്മദ് ഹനീഷ് ഉൾപ്പെടെ ഉദ്യോഗസ്ഥർ ഇടപെട്ടാണ് തണുപ്പിച്ചത്. പാഠ്യപദ്ധതി ചട്ടക്കൂട് സർക്കാർ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. ഇതിനു പിന്നാലെ പാഠപുസ്തക രചന നടപടികളിലേക്കും കടക്കും. അധ്യയന വർഷാരംഭത്തിൽ പാഠപുസ്തകം, യൂനിഫോം എന്നിവയുടെ വിതരണം, മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങിയവ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വിലയിരുത്തേണ്ട പ്രവർത്തനങ്ങളാണ്.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ ഫലപ്രഖ്യാപനം, പ്ലസ് വൺ പ്രവേശനം, കുട്ടികളില്ലാത്ത ഹയർസെക്കൻഡറി ബാച്ചുകളുടെ പുനഃക്രമീകരണം തുടങ്ങിയവയും വകുപ്പിന്റെ തലപ്പത്ത് വരുന്നവർക്ക് മുന്നിലെ വെല്ലുവിളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.