കൊച്ചി: മോന്സന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ .സുധാകരന് അവിടെയുണ്ടായിരുന്നെന്ന് ഇരയുടെ മൊഴിയിലുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം തള്ളി മോന്സന് മാവുങ്കലിന്റെ അഭിഭാഷകൻ എം.ജി.ശ്രീജിത്ത് രംഗത്ത്.
പൊലീസ് എഫ്.ഐ.ആറില്‍ എം.വി.ഗോവിന്ദന് പറഞ്ഞ മൊഴിയില്ല. അതിജീവിത മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും സുധാകരന്റെ പേരില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസിലാണെന്നായിരുന്നു ഗോവിന്ദന്റെ ആരോപണം. മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴിയെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.
ഇതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തി. മനസാ വാചാ അറിയാത്ത കാര്യമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. ഞാനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ല. അതിജീവിത നൽകാത്ത രഹസ്യ മൊഴി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരൻ ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. തന്നെ കേസിൽ പ്രതിയാക്കുന്നത് സി.പി.എം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സി.പി.എം തയാറാകുമെന്ന് ഇതിലൂടെ മനസിലായതായും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.