കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പുേകസുകളിൽ ക്രൈംബ്രാഞ്ചും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) ഏകോപിത അന്വേഷണം നടത്തണമെന്ന് ഹൈകോടതി. അനധികൃത പണമിടപാടിൽ അന്വേഷണം പുരോഗമിക്കുന്നതായി ഇ.ഡിയും കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പരിശോധിക്കുന്നതായി ക്രൈംബ്രാഞ്ചിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും അറിയിച്ചപ്പോഴാണ് സത്യം കണ്ടെത്താൻ ഒത്തൊരുമയോടെ അന്വേഷിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ രണ്ട് ഏജൻസി എന്ന നിലയിൽ വ്യത്യസ്ത നിലപാടുകൾ ഇവർ സ്വീകരിക്കരുത്. ഇന്ത്യയിലും വിദേശത്തും നടത്തിയ എല്ലാ ഇടപാടും അന്വേഷിക്കണം. റിപ്പോർട്ട് സമർപ്പിക്കാൻ ഇ.ഡി സമയം തേടിയതിനെത്തുടർന്ന് ഹരജി 23ന് പരിഗണിക്കാൻ മാറ്റി.
വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ നിലവിലുള്ളതായി സർക്കാർ വ്യക്തമാക്കി. അന്വേഷണത്തിൽ വെളിപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കേസിൽ ഉൾപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണത്തിൽ പങ്കാളിത്തം കണ്ടെത്തുന്നവരെ പ്രതിചേർക്കും. ഐ.ജി ലക്ഷ്മണക്കെതിരെ പരാതിയില്ലെങ്കിലും മോൻസണുമായി അതിരുവിട്ട ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതുകൊണ്ടാണ് സസ്പെൻഡ് ചെയ്തത്.
കേസിൽ കൂടുതൽ പേരെ കക്ഷിചേർത്തത് വിമർശിച്ചും കോടതിക്കെതിരെ ദുരുദ്ദേശ്യം ആരോപിച്ചും േഫസ്ബുക്ക് പോസ്റ്റിട്ട മുൻ ജുഡീഷ്യൽ ഓഫിസർ എസ്. സുദീപ് 23ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. മനുഷ്യന് ഉപകാരപ്രദമായ പലതിനും സമൂഹ മാധ്യമങ്ങൾ കാരണമാകുന്നുണ്ടെന്നും ചീത്തപ്പേരുണ്ടാക്കുന്നത് ചിലർ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുൻ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത്. മറ്റൊരു ജീവനക്കാരനെയും പ്രതിചേർത്തിരുന്നെങ്കിലും മോൻസണിനെതിരെ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വിശദ പരിശോധനക്കുശേഷം കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി തുടർ നടപടി സ്വീകരിക്കും. മകൾക്ക് നല്ല ജീവിതവും തുടർവിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് 2019 മുതൽ പലപ്പോഴായി പീഡിപ്പിച്ചെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. മോൻസൺ പ്രതിയായ ആദ്യ കുറ്റപത്രമാണിത്. പുരാവസ്തു തട്ടിപ്പിനുപുറമെ മൂന്ന് പീഡന പരാതിയിൽകൂടി ഇയാൾക്കെതിരെ അന്വേഷണം നടക്കുകയാണ്.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ദ്രോഹിക്കുന്നെന്ന ഹരജിയിൽ ഇരയെ പരിശോധിച്ച വനിത ഡോക്ടർക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം തുടരാൻ ഹൈകോടതി നിർദേശം. അതേസമയം, കേസിൽ അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഡോക്ടറുടെ ഹരജി തീർപ്പാക്കി.
ഹരജിക്കാരിക്ക് വേണമെങ്കിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാമെന്ന് കോടതി വ്യക്തമാക്കി. പരിശോധനക്ക് എത്തിച്ചപ്പോൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ഡോക്ടർ ശ്രമിച്ചതായി പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.