മൂലമറ്റം: പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്ന താൽച്ചർ-കോളാർ ലൈനിലെ തകരാർ പരിഹരിച്ചു. ഇതോടെ രണ്ടുദിവസമായി നിലനിന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി. താൽച്ചർ-കോളാർ ലൈനിലെ അറ്റകുറ്റപ്പണി മൂലം ഇവിടെനിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 500 മെഗാവാട്ടിെൻറ കുറവ് നേരിട്ടിരുന്നു. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചും കായംകുളം താപവൈദ്യുതി നിലയം പ്രവർത്തിപ്പിച്ചുമാണ് ഇൗ വേള വൈദ്യുതി ക്ഷാമം പരിഹരിച്ചത്. എന്നിട്ടും ശനി, ഞായർ ദിവസങ്ങളിൽ ചെറിയ തോതിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നിരുന്നു. വില കൂടിയ താപവൈദ്യുതിയെ ആശ്രയിക്കേണ്ടി വരുന്നതുമൂലം കടുത്ത സാമ്പത്തികബാധ്യത വൈദ്യുതി ബോർഡിന് ഉണ്ടാവും.
കായംകുളം താപവൈദ്യുതി നിലയത്തിൽനിന്ന് ഒരു യൂനിറ്റിന് ഏകദേശം ഏഴുരൂപക്കാണ് ലഭ്യമാക്കുന്നത്. എന്നാൽ, പുറത്തുനിന്ന് നാലുരൂപയിൽ താഴെ വിലയ്ക്ക് വൈദ്യുതി ലഭിക്കും. അടിയന്തര സാഹചര്യം മുൻനിർത്തിയാണ് താപവൈദ്യുതി വാങ്ങിയത്. മഴകുറവും ഡാമുകളിൽ ജലമില്ലാത്തതുമാണ് വില കൂടിയ വൈദ്യുതി വാങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28.65 ശതമാനം മഴ കുറവാണ്.
ജൂൺ ഒന്നുമുതൽ തിങ്കളാഴ്ച വരെ പ്രതീക്ഷിച്ച മഴ 1591.9 മില്ലിമീറ്റർ ആണ്. എന്നാൽ, ലഭിച്ചത് 1135.89 മാത്രം. 456.01 മി.മീ മഴയുടെ കുറവ് ഇത്തവണയുണ്ട്. തിങ്കളാഴ്ച കേരളത്തിൽ ആകെ പെയ്ത മഴ 1.2 മി.മീ മാത്രം. ഒരു മി.മീ ഷോളയാർ, 0.2 മി.മീ തലശ്ശേരിയിലും. വേറെ ഒരിടത്തും മഴ ലഭിച്ചില്ല.
തൊട്ടുമുമ്പത്തെ ദിവസത്തിലും മഴ കാര്യമായി ലഭിച്ചില്ല. രണ്ട് ദിവസത്തേക്കുകൂടി മഴ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ ലഭിക്കേണ്ട ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത്. വയനാട് 58.31 ശതമാനവും ഇടുക്കിയിൽ 35.71 ശതമാനവും കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.