കൊല്ലങ്കോട് (പാലക്കാട്): മീങ്കര ഡാമിലെത്തിയ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെ സദാചാര ഗുണ്ട ആക്രമണം നടത്തിയ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വണ്ണാമട സ്വദേശി ജയകുമാർ (27), കന്നിമാരി സ്വദേശി കണ്ണൻ (42), ആയാമ്പതി മനോജ് (25) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ചിറ്റൂർ കൊങ്ങൻപട കഴിഞ്ഞ് മീങ്കര ഡാമിലേക്കെത്തിയ എം.ബി.ബി.എസ് വിദ്യാർഥി ബ്രിജിത്തിനും സഹപാഠിയായ വിദ്യാർഥിനിക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഡാം പ്രദേശത്ത് മദ്യപിക്കുകയായിരുന്ന പ്രതികൾ ഇവരെ ആക്രമിക്കുകയും മൊബൈൽ ഫോണുകളും 500 രൂപയും തട്ടിയെടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെ ബ്രിജിത്തിെൻറ ഇടതുകൈക്കും വിവിധ ഭാഗങ്ങളിലും മർദനമേറ്റു. വിദ്യാർഥിനിയെ പീഡിപ്പിക്കാനും ശ്രമമുണ്ടായി. തൊട്ടടുത്ത വീട്ടിൽ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്. കണ്ണനെ കന്നിമാരി ചാമിയാർകളത്തും ജയകുമാറിനെ വണ്ണാമടയിലും മനോജിനെ മങ്കരയിലുംവെച്ചാണ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹ്റ, പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. സെയ്താലി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. സി.ഐമാരായ എലിസബത്ത്, എം. സന്തോഷ് കുമാർ, കെ.പി. ബെന്നി, എസ്.ഐ പി.ബി. അനീഷ്, പി. ഗണേശൻ, സുരേഷ് കുമാർ, ചന്ദ്രൻ, ജിജോ, നൗഷാദ് ഖാൻ, ബാബു, ദിലീപ്, ശിവപ്രകാശ്, ഷെബീർ, ശെൽവം, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.