തിരുവല്ല: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിൽ രണ്ടു സി.പി.എം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. പരുമലയിലെ സി.പി.എം ആക്ടിങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരി കുമാർ (56), പരുമല ദേവസ്വം ബോർഡ് ബി. ബ്രാഞ്ച് സെക്രട്ടറി അനൂപ് (41) എന്നിവരാണ് പിടിയിലാ യത്. ഭാര്യയെ അപമാനിക്കുന്നത് തടഞ്ഞ ഭർത്താവിനെയും സംഭവമറിഞ്ഞെത്തിയ സി.ഐയെയും സംഘ ം കൈയേറ്റം ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലരയോടെ പരുമല കോളജിലാണ് സംഭവം.
കോളജ് വളപ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ മാന്നാർ സ്വദേശിനിയാണ് അപമാനിക്കപ്പെട്ടത്. പ്രളയത്തെ തുടർന്ന് സ്ഥാപനത്തിൽ വെള്ളം കയറിയതറിഞ്ഞ് ഓഫിസ് രേഖകൾ ഭദ്രമാക്കിവെക്കാൻ ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ എത്തിയതായിരുന്നു യുവതി. ഈ സമയം കോളജ് കെട്ടിടത്തിനു പുറത്തെ ഒഴിഞ്ഞ കോണിൽ പ്രതികൾ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത് ഗൗനിക്കാതെ ഫയലുകൾ അടുക്കിവെച്ച് അരമണിക്കൂറിനുശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടുപേർ ദമ്പതികൾക്ക് നേരെ തിരിഞ്ഞത്. കെട്ടിടത്തിനകത്ത് ഇത്രനേരം എന്തായിരുന്നു പണിയെന്നായിരുന്നു ചോദ്യം. ഇതുകേട്ട് യുവതി കയർത്തതോടെയാണ് കൈയേറ്റം ചെയ്തത്.
തടയാൻ ശ്രമിച്ച ഭർത്താവിനെയും സംഘം മർദിച്ചു. ദമ്പതികൾ എത്തിയ സ്കൂട്ടർ ചവിട്ടിമറിച്ചിട്ടു. കണ്ടുനിന്ന ചിലർ മാന്നാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാന്നാർ സി.ഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം കൈയേറ്റം ചെയ്തു.
ജീപ്പിൽ കയറ്റാനൊരുങ്ങവെയാണ് സി.ഐയെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും പ്രതികൾ ആക്രമിച്ചത്. തുടർന്ന് പുളിക്കീഴിൽനിന്നുള്ള പൊലീസ് സംഘമെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എഫ്.ഐ.ആറിൽനിന്ന് ജാമ്യമില്ലാവകുപ്പ് ഒഴിവാക്കുന്നതിൽ പൊലീസിനു മേൽ സമ്മർദമുണ്ടായെന്ന് ആരോപണമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.