കോന്നി : പോപുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിൽ ആയിരത്തി ഇരുനൂറോളം സാക്ഷികൾ.അതിരുങ്കൽ കിടങ്ങിൽ വീട്ടിൽ ആനിയമ്മ കോശിയാണ് പോപുലർ ഫിനാൻസിൽ താൻ നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് കോന്നി പൊലീസിൽ ആദ്യ പരാതി നൽകിയത്.
തുടർന്ന് ആയിരത്തി ഇരുനൂറോളം പരാതികൾ വന്നു. ആനിയമ്മ സമർപ്പിച്ച പരാതിയെ തുടർന്ന് പിന്നീട് ഇത് സംബന്ധിച്ച് വന്ന കേസുകൾ 1200 സാക്ഷികളായി രജിസ്റ്റർ ചെയ്യപ്പെട്ടു. പോപുലർ ഉടമയും മക്കളും അറസ്റ്റിലാകുന്നതുവരെ കോന്നി പൊലീസിൽ 1200 ഓളം പരാതികളാണ് ലഭിച്ചത്.
അറസ്റ്റിന് ശേഷം പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നിക്ഷേപകർ അതാത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇത് ക്രോഡീകരിച്ച് കോന്നി പൊലീസ് അന്വേഷണം നടത്തിവരുകയുമാണ്. പോപുലർ അസ്ഥാന മന്ദിരത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും നടപടി എടുക്കുകയും ചെയ്തെങ്കിലും പോപുലർ മാർജിൻഫ്രീ ഷോപ്പിൽ ഓണ വിപണി സജീവമാണ്.
നിക്ഷേപ തട്ടിപ്പ്: സഹായ കേന്ദ്രവുമായി കോൺഗ്രസ്
പത്തനംതിട്ട: പോപുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പിന് ഇരയായവർക്ക് നിയമപരമായതുൾപ്പെടെ സഹായം ലഭ്യമാക്കുന്നതിന് കോൺഗ്രസ് രംഗത്ത്. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറത്തിെൻറ നേതൃത്വത്തിൽ ഹെൽപ് ലൈൻ ( 9446034830 ) രൂപവത്കരിച്ചതായി പ്രസിഡൻറ് ബാബു ജോർജ് അറിയിച്ചു.
ഹെൽപ്ലൈനിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ടവർക്ക് കൈമാറുകയും തട്ടിപ്പിന് ഇരയായവർക്ക് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് അംഗങ്ങൾ നിയമോപദേശം ഉൾപ്പെടെ ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാനത്തിെൻറ വിവിധ സ്ഥലങ്ങളിലും അന്തർ സംസ്ഥാനങ്ങളിലും ശാഖകൾ ഉണ്ടായിരുന്ന പോപുലർ ഫിനാൻസിയേഴ്‌സിലൂടെ ആയിരങ്ങൾ തട്ടിപ്പിനിരയായി പരാതികളുമായി നെട്ടോട്ടമോടുമ്പോൾ കോന്നിയിൽ മാത്രം പരാതികൾ സ്വീകരിച്ചാൽ മതിയെന്ന ഡി.ജി.പിയുടെ സർക്കുലർ പ്രതികളെ സംരക്ഷിക്കുന്നതിനാണെന്ന് ഡി.സി.സി പ്രസിഡൻറ് കുറ്റപ്പെടുത്തി.
പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭ്യമാക്കുവാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉടമകളുടെ സ്വത്ത് കണ്ടുകെട്ടണം –രാജു എബ്രഹാം എം.എൽ.എ
റാന്നി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചു. മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് ആളുകളില്‍നിന്ന് രണ്ടായിരത്തോളം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഈ സാഹചര്യത്തില്‍ ഇവരുടെയും അനുബന്ധ സ്ഥാപനത്തിെൻറയും സ്വത്തുക്കള്‍ അടിയന്തരമായി കണ്ടുകെട്ടണമെന്ന് എം.എൽ.എ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.