തിരുവനന്തപുരം: ഹിമാചലിലെ മഞ്ഞുമലയിൽ 56 വർഷം മുമ്പ് വിമാനം തകർന്ന് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. പാങ്ങോട് സൈനികാശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം ഇന്ന് പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ എലന്തൂരിൽ സംസ്കരിക്കും. വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പ്രത്യേക സൈനിക വിമാനത്തിലെത്തിച്ച മൃതദേഹം ശംഖുംമുഖത്തെ വ്യോമസേന വിമാനത്താവളത്തിൽ പൂർണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി.
കേന്ദ്രസർക്കാറിനെ പ്രതിനിധാനം ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന സർക്കാറിനായി മന്ത്രി വീണാ ജോർജും ആദരം അർപ്പിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം.പി. സലിൽ, ശംഖുംമുഖം എയർ ഫോഴ്സ് സ്റ്റേഷൻ കമാൻഡർ ഗ്രൂപ് ക്യാപ്റ്റൻ ടി.എൻ. മണികണ്ഠൻ, കലക്ടർ അനു കുമാരി, റിട്ട.ക്യാപ്റ്റൻ ഷീബ രവി, കര, വ്യോമസേനയിലെ ഉദ്യോഗസ്ഥർ, സഹോദരൻ തോമസ് തോമസ് ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.
പരിശീലനം പൂർത്തിയാക്കി ആദ്യ നിയമനം നേടിയ ലേ ലഡാക്കിലേക്ക് സഹപ്രവർത്തകർക്കൊപ്പം പോകുമ്പോൾ 22ാം വയസ്സിലാണ് ദുരന്തത്തിനിരയായത്. 1968 ഫെബ്രുവരി ഏഴിനാണ് ഹിമാചൽ പ്രദേശിലെ റോത്താങ് പാസിൽ 102 സൈനികർ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായിരുന്നുള്ളൂ.
കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 24ന് ആരംഭിച്ച തിരച്ചിലിലാണ് തോമസ് ചെറിയാൻ, ആർമി മെഡിക്കൽ കോർപ്സിലെ ശിപായി ഉത്തരാഖണ്ഡ് സ്വദേശി നാരായൺ സിങ്, പയനിയർ യൂനിറ്റിലെ മൽഖാൻ സിങ് എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.