പേരാമ്പ്ര (കോഴിക്കോട്): ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ അമ്മയുടെയും മകളുടെയും ആത്മഹത്യശ്രമം പൊലീസ് വിഫലമാക്കി. ബുധനാഴ്ച മുതുകാട് പൊയ്കയില്‍ മേരി (പെണ്ണമ്മ-70), മകള്‍ ജെസി (47) എന്നിവരാണ് ദേഹത്ത് മണ്ണണ്ണ ഒഴിച്ച് ആത്മാഹുതിക്ക് ഒരുങ്ങിയത്.
ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം താലൂക്ക് സർവേയറെത്തി അളന്ന്, മതില് കെട്ടാന്‍ അയല്‍വാസിയോട് നിർദേശിച്ചത്രെ. മതില് കെട്ടിയപ്പോൾ വീട്ടിലേക്കുള്ള വഴി തടസ്സപ്പെട്ടതായി പറയുന്നു. തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരുവരും സമരവുമായി വില്ലേജ് ഓഫിസിൽ എത്തിയത്. കൊയിലാണ്ടി തഹസില്‍ദാര്‍ പ്രശ്നപരിഹാരത്തിന് 24 മണിക്കൂര്‍ ആവശ്യപ്പെട്ടെങ്കിലും മൂന്ന് മാസമായിട്ടും പരിഹരിക്കാന്‍ കഴിയാത്ത അധികൃതര്‍ക്ക് ഇനി സമയം അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
പെരുവണ്ണാമൂഴി പൊലീസ് എത്തി വില്ലേജ് അധികൃതരുമായും സമരക്കാരുമായും ചര്‍ച്ച നടത്തുന്നതിനിടയില്‍ ബാഗില്‍ കരുതിയിരുന്ന മണ്ണെണ്ണ ജസി ദേഹത്ത് ഒഴിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടര്‍ ആര്.സി. ബിജു ഇവരില്‍നിന്ന് മണ്ണെണ്ണ പിടിച്ചെടുത്തു. തുടർന്ന് ബാഗില്‍നിന്ന് ഒരു കുപ്പി പെട്രോളും കണ്ടെടുത്തു. കൊയിലാണ്ടി തഹസിൽദാർ പി.സി. മണിലാലും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് റവന്യൂ, പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയര്‍ കെ.ആര്. രജിലേഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഇവരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഭൂമി അളന്നതിന്റെ അടിസ്ഥാനത്തിൽ പരാതിയിൽ അടിസ്ഥാനമില്ലെന്ന് തെളിഞ്ഞതായി റവന്യൂ അധികൃതർ പറഞ്ഞു. ഇവരുടെ വഴി ഇവർതന്നെ കൊട്ടിയടച്ച് അയൽവാസിയുടെ പേരിൽ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് തഹസിൽദാർ കൂട്ടിച്ചേർത്തു. ആത്മഹത്യശ്രമത്തിന് ഇരുവരുടേയും പേരിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.