കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പരോൾ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സുപ്രീംകോടതിയിൽ.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരൺ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണ് താനെന്നും കിരൺ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കിരണിന് പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി ഡിസംബർ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. എന്നാൽ, രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. എന്നാൽ, ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴക്കുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണിന്റെ ഹരജി 2022 ഡിസംബർ 13ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.
കൊല്ലം നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ 2021 ജൂൺ 21നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ വീട്ടുകാർ രംഗത്തെത്തി. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് വിചാരണ ആരംഭിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കിരൺ കുമാറിനെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു. വിസ്മയ മരിച്ച ദിവസം രാത്രി പിടിയിലായി റിമാൻഡിലായ കിരൺ കുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സുപ്രീംകോടതി ഒരു മാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.
കിരൺ, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാല സുഹൃത്ത് എന്നിവരുടെ ഫോണുകളിൽ നിന്ന് വീണ്ടെടുത്ത റെക്കോഡ് ചെയ്ത ഫോൺ സംഭാഷണങ്ങളും കേസിൽ തെളിവായി. പ്രോസിക്യൂഷൻ വിസ്തരിച്ച 42 സാക്ഷികളിൽ നിന്നും 120 രേഖകളിൽ നിന്നും 12 മുതലുകളിൽ നിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ വാദിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വിവാഹ മാർക്കറ്റിൽ താനൊരു വില കൂടിയ ഉൽപന്നമാണെന്ന് കരുതുകയും സ്ത്രീധന സമ്പ്രദായം ശരിയാണെന്ന് കരുതുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.