തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, ക്വാറികളുടെ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കവെ റവന്യൂ പുറമ്പോക്ക് ഭൂമികളിൽ പുതിയ ക്വാറികൾക്ക് അനുമതി നീക്കവുമായി സർക്കാർ. ഓരോ താലൂക്കിലും ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ ക്വാറികൾക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താനും ഡിസംബറിനുള്ളിൽ അനുമതി നൽകാനുമാണ് നിർദേശം. അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലുകൾക്ക് ഒരുകാരണം ക്വാറികൾക്ക് നൽകുന്ന അനിയന്ത്രിത അനുമതിയാണെന്ന മുന്നറിയിപ്പുകൾ ചർച്ചയാകുമ്പോഴാണ് വീണ്ടും ക്വാറി അനുമതിക്കുള്ള നീക്കം പുറത്താകുന്നത്.
ഓരോ താലൂക്കിലും റവന്യൂ പുറമ്പോക്കുകളിൽ ക്വാറികൾക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികളിലേക്കാണ് സർക്കാർ നീങ്ങുന്നത്. പുതിയ സർക്കുലർ പ്രകാരം ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ പുതിയ ക്വാറികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനാണ് ലാൻഡ് റവന്യൂ കമീഷണറുടെ ജൂലൈ രണ്ടിലെ നിർദേശം.
ഹെക്ടറിന് 10 ലക്ഷം കുറഞ്ഞ പാട്ടത്തുക നിശ്ചയിച്ച് ലേലം നടത്തി ഡിസംബറിനുള്ളിൽ അനുമതി നൽകണം. ഒക്ടോബർ 30നകം ക്വാറികൾ ഏറ്റെടുത്തവരുമായി കരാർ ഒപ്പിടണം. നിലവിലുള്ള ക്വാറികളിൽനിന്ന് സീനിയറേജ് അടക്കം സർക്കാറിലേക്ക് ലഭിക്കാനുള്ള കുടിശ്ശികകൾ ഉടൻ പിരിച്ചെടുക്കാനും നിർദേശമുണ്ട്. സ്ഥലം കണ്ടെത്തുമ്പോൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള റെഡ് സോണുകൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ, വനം എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഉയരംകൂടിയ മേഖലകളിലെ ക്വാറികൾ ജനവാസമേഖലകൾക്ക് കൂടുതൽ ഭീഷണി ഉയർത്തുകയാണ് ഇപ്പോൾ. 2018 ൽ മഹാപ്രളയം ഉണ്ടായതിനുശേഷവും ക്വാറികൾക്കെതിരെ വലിയ വിമർശനം ഉയർന്നെങ്കിലും തൊട്ടടുത്തവർഷം ജനുവരിക്കുശേഷം 223 ക്വാറികൾക്കാണ് സർക്കാർ അനുമതി നൽകിയത്. പരിസ്ഥിതിലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് ഉത്തരവുകളിൽ പറയുമ്പോഴും ഇത് ലംഘിക്കപ്പെടാറുമുണ്ട്.
എല്ലാം പരിശോധിച്ചാണ് അനുമതിയെന്നാണ് എപ്പോഴും സർക്കാർ നൽകുന്ന വിശദീകരണം. ഉരുൾപൊട്ടൽ ഉണ്ടായാൽ ആ ജില്ലകളിലെ ക്വാറികളുടെ പ്രവർത്തനം കണ്ണിൽപൊടിയിടാൻ ചുരുങ്ങിയ സമയത്തേക്ക് നിർത്തിവെക്കുക മാത്രമാണ് ചെയ്യാറ്. അതേസമയം, കോടതി നിർദേശപ്രകാരം സർക്കാർ ഭൂമിയിലെ ക്വാറികളുടെ അനുമതിക്ക് കൃത്യമായ രൂപരേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.