തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അഞ്ച് പതിറ്റാണ്ടായി നിലനില്‍ക്കുന്ന അഫ്സലുല്‍ ഉലമ പ്രിലിമിനറി കോഴ്സ് നിര്‍ത്തലാക്കാന്‍ നീക്കം. അഫ്സലുല്‍ ഉലമ പ്രിലിമിനറി, അദീബ് ഫാസില്‍ പ്രിലിമിനറി കോഴ്സുകള്‍ക്ക് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോ അംഗീകാരം നല്‍കിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല പരീക്ഷ ഭവന് കോഴ്സ് തന്നെ നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം പരിഗണിക്കും.
നാലായിരത്തിലധികം വിദ്യാര്‍ഥികള്‍ അഫ്സലുല്‍ ഉലമ പ്രിലിമിനറി കോഴ്സിന് പഠിക്കുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കോഴ്സ് നിർത്തലാക്കാനുള്ള നീക്കം. ഇത്തരം വിഷയങ്ങളിലുള്ള ഫയലുകള്‍ സിന്‍ഡിക്കേറ്റില്‍ അജണ്ടയായി വരുന്നതിന് മുമ്പ് സാധാരണ പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദമായി പരിശോധിക്കാറുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നും രഹസ്യമായാണ് ഫയല്‍ സിന്‍ഡിക്കേറ്റിലേക്ക് വരുന്നതെന്നുമാണ് ആരോപണം. അറബിക് കോളജുകളിലെ നിലവിലെ കോഴ്സുകള്‍ നിര്‍ത്തലാക്കാനും നേരത്തേ സര്‍വകലാശാല ആലോചിച്ചിരുന്നു. അറബിക് കോളജുകളില്‍ പുതുതായി അനുവദിച്ച കോഴ്സുകള്‍ തുടങ്ങാന്‍ കഴിയാത്ത വിധത്തില്‍ ചാന്‍സലര്‍ക്ക് കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ കത്തയച്ചതും വിവാദമായിരുന്നു. ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലക്ക് കീഴില്‍ ഈ കോഴ്സുകള്‍ ആരംഭിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം സര്‍വകലാശാല ബജറ്റിന് അംഗീകാരം നല്‍കും. താരതമ്യ സാഹിത്യ പഠനവിഭാഗത്തിലെ ദലിത് അധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ച വിഷയവും സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.