തൃശൂർ: രാജ്യത്തിന്‍റെ ബഹുസ്വരതയും മതേതരത്വവും ഇല്ലാതാക്കാനുള്ള വർഗീയവാദികളുടെ നീക്കം ഇന്ത്യയെ തകർക്കുമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാനന്ദൻ പറഞ്ഞു. ബാലസംഘം ആറാം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുടെ പിൻഗാമികളാണ് ഇന്ന് അധികാരത്തിലുള്ളത്. പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഇതുവരെ കേൾക്കാത്തവരുടെയും ശബ്ദം കേൾക്കുന്നവരാണ് യഥാർഥ ഭരണാധികാരികൾ.
താഴെനിന്ന് മുകളിലേക്ക് തീരുമാനങ്ങൾ എടുക്കുന്നതാണ് റിപ്പബ്ലിക്. മുകളിൽനിന്ന് താഴേക്ക് കൽപനകൾ പുറപ്പെടുവിക്കുന്നതല്ല ജനാധിപത്യം. ഇന്ത്യയെ സൃഷ്ടിച്ചത് കേവലം സംസ്കൃത വേദങ്ങളിൽനിന്നല്ല. ആദിവാസികൾ, നാടോടികൾ, വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ തുടങ്ങിയവയുടെയെല്ലാം സങ്കലനമാണ് ഈ രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്‍റ് കെ.വി. ശിൽപ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു സംസാരിച്ചു. 481 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എത്തിയിട്ടുണ്ട്. ദേശീയ - സംസ്ഥാനതല അവാർഡ് നേടിയവരെ അനുമോദിച്ചു. കുട്ടികളുടെ ദേശീയ സംഘടനക്ക് രൂപം നൽകുന്നത് സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.