ലീഗിന് ബാലസംഘടനയുമായി എം.എസ്.എഫ്

മലപ്പുറം: മുസ്ലിം ലീഗിന്‍റെ വിദ്യാർഥിസംഘടന എം.എസ്.എഫിന്‍റെ കീഴിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ബാലസംഘടന രൂപവത്കരിക്കുന്നു. 'ബാലകേരളം' എന്നു പേരിട്ട സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഒക്ടോബറോടെ നിലവിൽവരും. വരുന്ന ഓണാവധിക്കാലത്ത് പ്രാദേശികതലങ്ങളിൽ കമ്മിറ്റികൾ രൂപവത്കരിക്കും. തുടർന്ന് മണ്ഡലം, ജില്ല തലങ്ങളിൽ സമ്മേളനങ്ങൾ നടത്തി ഒക്ടോബറോടെ സംസ്ഥാന സമ്മേളനം നടത്തി അതിൽ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയവും സാമൂഹിക ധാർമിക വിഷയങ്ങളും കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് കാർട്ടൂൺ ചാനലും ആരംഭിക്കും. ബാലകേരളം സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തോടനുബന്ധിച്ച് ഇതിന്‍റെ ലോഞ്ചിങ് അരങ്ങേറും. മാസത്തിൽ രണ്ട് വിഡിയോകളാണ് പുറത്തിറക്കുക. ഇതിനുപുറമെ കോളജ് വിദ്യാർഥികൾക്കായി 'മിഡ് പോയന്‍റ്' പേരിൽ മൂന്നു മാസത്തിലൊരിക്കൽ പ്രസിദ്ധീകരണം എം.എസ്.എഫ് പുറത്തിറക്കും.

ഇതിന്‍റെ ആദ്യലക്കം കോഴിക്കോട് സമാപിച്ച എം.എസ്.എഫിന്‍റെ 'വേര്' സംസ്ഥാന സമ്മേളനത്തിൽ പ്രകാശനം ചെയ്തു. ഇന്ത്യയിലെ മോദിവിരുദ്ധ സമരങ്ങളുടെ സമാഹാരമായാണ് ഇത് പുറത്തിറക്കിയത്. 'മിഡ് പോയന്‍റ്' ഓൺലൈൻ പോർട്ടലായും പുറത്തിറക്കുന്നുണ്ട്. എം.എസ്.എഫിൽ ഭാരവാഹിയാകുന്നതിന് നാല് സർട്ടിഫിക്കറ്റ് കോഴ്സുകൾ പാസാകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ എക്സലൻസിന് (ഹൈസ്) കീഴിലാണ് ഈ കോഴ്സുകൾ നടത്തുക.

പ്രതിപക്ഷ പാർട്ടിയുടെ വിദ്യാർഥിസംഘടന നടത്തിയ പരിപാടി എന്ന നിലയിൽ ജൂലൈ 31ന് കോഴിക്കോട് സ്വപ്ന നഗരിയിൽ നടന്ന എം.എസ്.എഫ് 'വേര്' സംസ്ഥാന സമ്മേളനം മികച്ച വിജയമായിരുന്നു. ഹരിത വിവാദമുൾപ്പെടെയുള്ള സംഘടനയിലെ ആഭ്യന്തരപ്രശ്നങ്ങളെ മറികടക്കാൻ സമ്മേളന വിജയം പ്രതീക്ഷ നൽകിയിട്ടുണ്ട്. വേര് സമാപന സമ്മേളനത്തിൽ ആയിരത്തിഇരുനൂറിലേറെ പെൺകുട്ടികൾ സംബന്ധിച്ചത്, ഹരിത തങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നെന്നാണ് ഔദ്യോഗികവിഭാഗത്തിന്‍റെ ഭാഷ്യം.

Tags:    
News Summary - MSF with children's organization for league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.