കോഴിക്കോട്: മുസ്ലിം ലീഗിലെ അതൃപ്തർ ചേർന്ന് പുതിയ കൂട്ടായ്മക്ക് രൂപം നൽകി. പാണക്കാട് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്നു പേരിട്ട കൂട്ടായ്മയുടെ പ്രഥമയോഗം കോഴിക്കോട്ട് ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൈദരലി തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈനലി തങ്ങളാണ് ഫൗണ്ടേഷൻ ചെയർമാൻ. ലീഗിൽനിന്ന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയാണ് ജനറൽ കൺവീനർ. മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങൾ ദേശീയ പുരസ്‌കാരം ദയാബായിക്ക് നൽകാൻ യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗിലും എം.എസ്.എഫിലും അച്ചടക്ക നടപടിക്ക് വിധേയരായവരും ഔദ്യോഗിക നേതൃത്വത്തിന്‍റെ നടപടികളിൽ നീരസമുള്ളവരുമായ വിവിധ ജില്ലകളിൽനിന്നുള്ള ലീഗ് ഭാരവാഹികളും പ്രവർത്തകരുമാണ് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തത്. എം.എസ്.എഫ് മുൻ നേതാക്കളായ ലത്തീഫ് തുറയൂർ, പി.പി. ഷൈജൽ, എ.പി. അബ്ദുസ്സമദ് തുടങ്ങിയവരുമുണ്ടായിരുന്നു.
ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിർത്താൻ രൂപവത്കരിക്കുന്ന കൂട്ടായ്മയാണെന്നും നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഫൗണ്ടേഷന്‍റെ ജില്ല ചാപ്റ്ററുകൾ ഉടൻ നിലവിൽവരും. വിദ്യാഭ്യാസ പ്രവർത്തനങ്ങളും യുവാക്കൾക്ക് തൊഴിൽ പരിശീലനവും പദ്ധതിയിലുണ്ടെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഫൗണ്ടേഷന്‍റെ മറ്റു ഭാരവാഹികൾ: അബ്ദുൽ ഖാദർ എറണാകുളം, നവാസ് വരവിള കൊല്ലം, പി.എ. കരീം തൃശൂർ, എം.യു. ഇബ്രാഹിം (വൈ. ചെയർ), അഡ്വ. എസ്. കബീർ ആലപ്പുഴ, എം.ടി. ജബ്ബാർ, ലത്തീഫ് തുറയൂർ, പി.എം. ഇഖ്ബാൽ (കൺ.).
മുഈനലി തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്. ഹംസ അധ്യക്ഷത വഹിച്ചു. ഹനീഫ മൗലവി ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അബ്ദുൽ ഖാദർ എറണാകുളം, വരവിള നവാസ് എന്നിവർ സംസാരിച്ചു. അഡ്വ. എസ്. കബീർ സ്വാഗതവും ലത്തീഫ് തുറയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.