കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല -ജലീലിന് മുഈനലിയുടെ മറുപടി

മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ്​ തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ പ്രവർത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്‍റെ ആരോഗ്യ പരിപാലനത്തിലാണ്​. ജയ് മുസ്ലിം ലീഗ് -അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

വാർത്താസമ്മേളനത്തിനിടെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആരോപണങ്ങൾ ഉന്നയിച്ചത്​ ഏറെ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. ഹൈദരലി തങ്ങൾക്ക് ഇ.ഡി നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലിയുടെ വിമർശനം. 

എന്നാൽ, മുഈനലിയെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിവാദ വാർത്തസമ്മേളനത്തിൽ പങ്കെടുത്തത് തെറ്റാണെന്നും തങ്ങൾ കുടുംബത്തിന്‍റെ പാരമ്പര്യം മുഈനലി ലംഘിച്ചതായും ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി​. ഹൈദരലി തങ്ങളുമായി ആലോചിച്ച ശേഷമാകും മുഈനലിക്കെതിരായ കൂടുതൽ നടപടിയെന്നും ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 

മുഈനലിയുടെ വാർത്തസമ്മേളനത്തിൽ അസഭ്യം പറഞ്ഞ പ്രവർത്തകൻ റാഫി പുതിയകടവിനെ ലീഗ് സസ്പെൻഡ് ചെയ്തിരുന്നു. 

മുഈനലിക്കെതിരെ ലീഗ് നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെ.ടി. ജലീൽ പറഞ്ഞിരുന്നു. ഇ.ഡി വിഷയത്തിൽ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നുമെന്നുമായിരുന്നു ജലീലിന്‍റെ മുന്നറിയിപ്പ്. 

Tags:    
News Summary - mueen ali thangal facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.