കോഴിക്കോട്: ഇരുവിഭാഗം മുജാഹിദുകളും ഐക്യപ്പെടാനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ അംഗീകാരം നല്‍കി. തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും മറപിടിച്ച് മുജാഹിദ് പ്രസ്ഥാനം പ്രത്യേകമായി വേട്ടയാടപ്പെടുകയും ആദര്‍ശപരമായ വിഷയങ്ങള്‍ ഇരുവിഭാഗവും ചര്‍ച്ച ചെയ്ത് തീരുമാനമാവുകയും ചെയ്ത സാഹചര്യത്തിലാണിതെന്ന് സംഘടന അറിയിച്ചു.
മുസ്ലിം സമുദായത്തെ ശത്രുപക്ഷത്തുനിര്‍ത്തി അജണ്ടകള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ വെല്ലുവിളി അതിജയിക്കാന്‍ പൊതുപ്രശ്നങ്ങളില്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കണം. സമുദായത്തിന്‍െറ പേരുപറഞ്ഞ് സംസ്ഥാനത്ത് മതതീവ്രവാദം ഉടലെടുത്തപ്പോള്‍തന്നെ അതിനെതിരെ സമൂഹത്തെ പ്രബുദ്ധമാക്കാന്‍ കഠിന പ്രയത്നം ചെയ്ത മുജാഹിദ് പ്രസ്ഥാനത്തെ തീവ്രവാദ മുദ്രചാര്‍ത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുക്കും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമാകുന്നതിനാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്‍െറ നവോത്ഥാന പോരാട്ടത്തില്‍ പ്രവര്‍ത്തകര്‍ ഐക്യത്തോടെ മുന്നേറണം.
വിശ്വാസ ജീര്‍ണതകള്‍ക്കും യാഥാസ്ഥിതിക തീവ്രവാദത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെ സംഘടിത പോരാട്ടത്തിന് സജ്ജമാവണം.സാമുദായിക സഹവര്‍ത്തിത്വത്തിനും സൗഹാര്‍ദത്തിനും മാതൃകയായ കേരളത്തിന്‍െറ സാമുദായികാന്തരീക്ഷം കലുഷമാക്കാനുള്ള വര്‍ഗീയശക്തികളുടെ ഗൂഢശ്രമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാവണം. മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിലെ ഫൈസലിന്‍െറ ഘാതകരെയും കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ് കാലതാമസം വരുത്തരുത്.
സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ഈ സാഹചര്യത്തിന് അറുതിവരുത്താന്‍ കൊളീജിയം നിര്‍ദേശിച്ച ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തണം. സാമ്പത്തിക വെട്ടിപ്പുനടത്തി രാജ്യത്തെ വഞ്ചിച്ച് നാടുവിട്ടവരെ പിടികൂടാന്‍ നടപടി സ്വീകരിക്കാതെ മോദി സര്‍ക്കാര്‍ നടപ്പാക്കിയ മുന്നൊരുക്കമില്ലാത്ത നോട്ടു നിരോധനം പിന്‍വലിക്കണം. അസാധുവാക്കപ്പെട്ട 1000, 500 കറന്‍സികള്‍ പുതിയ കറന്‍സികള്‍ ലഭ്യമാവുംവരെ സ്വതന്ത്രവിനിമയത്തിന് അവസരം നല്‍കണം. ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം പ്രസിഡന്‍റ് സി.പി. ഉമര്‍ സുല്ലമി അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി എം. സ്വലാഹുദീന്‍ മദനി പ്രമേയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.