കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. ഇത് അഞ്ചാം തവണയാണ് ജലനിരപ്പ് 142 അടിയിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ജലനിരപ്പ് 142 അടിയായി ഉയർന്നത്. ഇതോടെ, പെരിയാർ തീരങ്ങളിൽ ജാഗ്രത പാലിക്കാൻ തമിഴ്നാട് കേരളത്തിന് അവസാനഘട്ട മുന്നറിയിപ്പ് നൽകി. ജലനിരപ്പ് നിയന്ത്രിച്ചു നിർത്താൻ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അണക്കെട്ടിലെ ജലനിരപ്പ് 142ൽ തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 1752 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘന അടി ജലം തുറന്നുവിട്ടിട്ടുണ്ട്. 7666 ദശലക്ഷം ഘന അടി ജലമാണ് അണക്കെട്ടിൽ സംഭരിക്കപ്പെട്ടിട്ടുള്ളത്.
അണക്കെട്ടിൽ ജലനിരപ്പ് 136ൽനിന്ന് 142 അടിയാക്കി ഉയർത്താൻ 2014 മേയ് ഏഴിനാണ് സുപ്രീംകോടതി തമിഴ്നാടിന് അനുമതി നൽകിയത്. ഇതിനു പിന്നാലെ 2014 നവംബർ 21ന് ജലനിരപ്പ് ആദ്യമായി 142ൽ എത്തി. 2015 ഡിസംബർ ഏഴ്, 2018 ആഗസ്റ്റ് 16, 2021 നവംബർ 30 എന്നിങ്ങനെ മൂന്നുതവണ കൂടി ജലനിരപ്പ് 142ലേക്ക് ഉയർന്നു. ജലനിരപ്പ് 142ൽ എത്തിയതോടെ സമീപത്തെ ജനവാസ മേഖലയിൽ ആശങ്ക ഉയർന്നിട്ടുണ്ടെങ്കിലും ജലം ഇടുക്കിയിലേക്ക് തുറന്നു വിടാതിരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.