മുല്ലപ്പെരിയാർ മരം മുറി ഉത്തരവ് മരവിപ്പിച്ചു; കർശന നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ സംസ്ഥാന വനം വകുപ്പ് തമിഴ്‌നാട് സർക്കാറിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അസാധാരണ നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിക്കുന്നത്. കർശന നടപടിയെടുക്കാൻ അദ്ദേഹം നിർദേശിച്ചിട്ടുണ്ടെന്നും വനം മന്ത്രി അറിയിച്ചു.

വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ചയാണ് കാണിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രാഷ്ട്രീയമായ ചർച്ച നടന്നില്ല. ഐ.എഫ്.എസ് ഉദ്യോഗസ്ഥനെതിരെ മന്ത്രിക്ക് നേരിട്ട് നടപടി എടുക്കാനാവില്ല. തുടർനടപടി മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും -മന്ത്രി വ്യക്തമാക്കി.

ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നുമാണ് ഉദ്യോഗസ്ഥർ പറ‍യുന്നത്. എന്നാൽ, ഏത് സാഹചര്യത്തിലായാലും ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനിച്ചാൽ പോരാ. അത് ബോധ്യപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കും. ഇതിനോടകം മരം മുറിച്ചതായി റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ല -മന്ത്രി പറഞ്ഞു.

ഇന്നലെയാണ് മുല്ലപ്പെരിയാറിൽ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകിയതായി വാർത്ത പുറത്തുവന്നത്. അനുമതി ലഭിച്ചതോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് വിവരം പുറത്തായത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്​റ്റ്​​ ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.

വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് മന്ത്രിപോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ഇതോടെ, വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്​റ്റ്​ ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. തന്‍റെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് ഇന്ന് രാവിലെ മന്ത്രി വിശദീകരിച്ചു. തുടർന്ന്, വിവാദമായതോടെ ഉച്ചയോടെ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി തന്നെ അറിയിക്കുകയായിരുന്നു.

ബേബി ഡാം ബലപ്പെടുത്തൽ തമിഴ്നാട് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിെൻറ ആവശ്യത്തിന് ഇത്​ തിരിച്ചടിയാകും. കഴിഞ്ഞദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് മന്ത്രിതല സംഘം ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളത്തിെൻറ അനുമതി തേടിയിരുന്നു. മരം മുറിച്ച് ഡാം ബലപ്പെടുത്തിയാൽ മുല്ലപ്പെരിയാരിലെ ജലനിരപ്പ് 152 അടിയാക്കുമെന്നായിരുന്നു സന്ദർശനശേഷം തമിഴ്നാട് ജലവിഭവമന്ത്രി എസ്. ദുരൈമുരഗ‍ന്‍റെ പ്രതികരണം..

Tags:    
News Summary - Mullaperiyar dam tree cutting order freezed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.