ചെന്നൈ: മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്നും ഡാമിൽനിന്ന് നിബന്ധനകൾക്ക് വിധേയമായാണ് വെള്ളം തുറന്നുവിടുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡാമിൽനിന്ന് വെള്ളം തുറന്നുവിടുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് അഞ്ചിന് അയച്ച കത്തിന് മറുപടിയിലാണ് സ്റ്റാലിൻ ഇക്കാര്യമറിയിച്ചത്.
2021 ഫെബ്രുവരിയിലെ കേന്ദ്ര ജല കമീഷൻ അംഗീകരിച്ച റൂൾ കർവ് -ഗേറ്റ് ഓപറേഷൻ പ്രകാരമാണ് ഡാമിലെ ജലവിതാനം നിലനിർത്തുകയും വെള്ളം പുറത്തേക്ക് ഒഴുക്കുകയും ചെയ്യുന്നത്. ആഗസ്റ്റ് ആദ്യവാരത്തിൽ അണക്കെട്ടിന്‍റെ താഴ്വാര പ്രദേശങ്ങളിലേതിനെക്കാൾ ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായാണ് ലഭിച്ചിരുന്നത്. ഇതുകാരണം ഡാമിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും സാധാരണ നിലയിലായിരുന്നു. ഈ സാഹചര്യത്തിലും ഡാമിൽനിന്ന് വൈഗൈ അണക്കെട്ടിലേക്ക് പരമാവധി വെള്ളം തിരിച്ചുവിടുകയായിരുന്നു.
ആഗസ്റ്റ് നാലിന് വൈകീട്ട് ഏഴു മണിക്ക് ഡാമിലെ ജലനിരപ്പ് 136 അടിയായിരുന്നു. രാത്രി 7.40ന് അടുത്ത ദിവസം സ്പിൽവേ ഗേറ്റുകൾ തുറന്ന് വെള്ളം വിടാനുള്ള സാധ്യതയുണ്ടെന്ന കാര്യം തമിഴ്നാട് അധികൃതർ ഇടുക്കി ജില്ല കലക്ടറെ അറിയിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിന് ഉച്ചക്ക് ഒരു മണിക്കാണ് ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടത്.
ആഗസ്റ്റ് എട്ടിന് രാവിലെ ഏഴു മണിയിലെ കണക്കനുസരിച്ച് ഡാമിന്‍റെ ജലവിതാനം 138.85 അടിയാണ്. ശരാശരി 6,942 ക്യൂസെക്സ് വെള്ളം ഡാമിലെത്തുന്നുണ്ട്. 5,000 ക്യൂസെക്സ് തുറന്നുവിടുകയും ചെയ്യുന്നു. പൊടുന്നെ വെള്ളം തുറന്നുവിടാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ കത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.