കൊച്ചി: മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തിൽ സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷിയായ എന്‍.സി.പി. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടേയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയാതെയാണ് ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നുമാണ് ചാക്കോയുടെ വിമര്‍ശനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലുവ ഗസ്റ്റ്ഹൗസില്‍ പി.സി ചാക്കോയുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തി.
മരം മുറി വിവാദം സർക്കാറിന് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വകുപ്പ് മന്ത്രി പോലും അറിയാതെ നിർണായക വിഷയത്തിൽ ഉദ്യോഗസ്ഥർ തീരുമാനം എടുത്തതാണ് സർക്കാറിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടുള്ള ഇടപാടാണിതെന്ന് വിമർശനവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്. ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസാണ് അനുമതി നൽകിയതെന്നാണ് ഉത്തരവിലുള്ളത്.
വിഷയത്തിൽ അഭിപ്രായമാരാഞ്ഞ് മാധ്യമങ്ങൾ ബന്ധപ്പെട്ടപ്പോഴാണ് വനംമന്ത്രി എം.കെ. ശശീന്ദ്രൻ പോലും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. ബേബി ഡാം ബലപ്പെടുത്തൽ തമിഴ്നാട് ഏറെക്കാലമായി ആവശ്യപ്പെടുന്നതായിരുന്നു. ഈ ഡാം ബലപ്പെടുത്തിക്കഴിഞ്ഞാൽ ജലനിരപ്പ് കൂട്ടണമെന്ന വാദം തമിഴ്നാടിന് ശക്തമായി ഉന്നയിക്കാം. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത് തിരിച്ചടിയാകും.
വനംമന്ത്രി എം.കെ. ശശീന്ദ്രൻ അറിയാതെയാണ് മരംമുറിക്കാൻ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനുമതി നൽകിയതെന്നാണ് വിവരം. സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനംമന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.