മാനന്തവാടി: യോഗത്തിനിടെ സംസാരിച്ച നഗരസഭ വൈസ് ചെയർപേഴ്സെൻറ ഫോൺ സബ് കലക്ടർ പിടിച്ചു വാങ്ങി. വൈസ് ചെയർപേഴ്സൻ ശോഭ രാജെൻറ ഫോണാണ് സബ് കലക്ടർ വികൽപ് ഭരദ്വാജ് പിടിച്ചുവാങ്ങിയത്. വെള്ളിയാഴ്ച വൈസ് ചെയർപേഴ്സെൻറ ഡിവിഷനിലെ വഴിത്തർക്കവുമായി ബന്ധപ്പെട്ട ചർച്ച എ.എസ്.പി വൈഭവ് സക്സേനയുടെ ചേംബറിൽ നടക്കുകയായിരുന്നു.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം നടക്കവെ ഫോൺ വന്നതിനെ തുടർന്ന് ശോഭ രാജൻ സംസാരിച്ചപ്പോൾ സബ് കലക്ടർ നിർത്താൻ ആവശ്യപ്പെട്ടു. വൈസ് ചെയർപേഴ്സനാണെന്നു പറഞ്ഞിട്ടും കൂട്ടാക്കാതെ ഫോൺ പിടിച്ചുവാങ്ങി സബ് കലക്ടർ മേശപ്പുറത്തു െവച്ചു. യോഗം അവസാനിച്ചശേഷം ഫോൺ ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് ഓഫിസിൽ വന്ന് കൈപ്പറ്റാനാണ് മറുപടി ലഭിച്ചതെന്ന് ശോഭ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് അനുനയ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ സബ് കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സൻ ജില്ല കലക്ടർക്ക് പരാതി നൽകി. അതേസമയം, യോഗത്തിൽ ഫോൺ ഉപയോഗം വിലക്കിയിരുന്നതായും ലംഘിച്ചതിനാലാണ് ഫോൺ വാങ്ങിവെച്ചതെന്നുമാണ് സബ് കലക്ടറുടെ വിശദീകരണം.
വൈസ് ചെയർപേഴ്സൻ ശോഭ രാജനെ അപമാനിച്ച മാനന്തവാടി സബ് കലക്ടർെക്കതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.ഐ ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ 11ന് മാനന്തവാടി സബ് കലക്ടർ ഓഫിസിനു മുന്നിൽ ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.