കാട്ടാന പടയപ്പയെ കാട്ടിലേക്ക് തുരത്താൻ മൂന്നാർ ഡി.എഫ്.ഒക്ക് നിർദേശം

അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ കറങ്ങി നടക്കുന്ന പടയപ്പയെ തുരത്താൻ വനം വകുപ്പ് തീരുമാനം . ഇതിന്‍റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ കണ്ടെത്താനും വിദഗ്ധ പരിശീലനം ലഭിച്ച ആർ.ആർ.ടി ടീമിനെ ഉപയോഗിച്ച് തീറ്റയും വെള്ളവുമുള്ള ഉൾവനത്തിലേക്ക് തുരത്താനുമാണ് ഏറ്റവും ഒടുവിലായി വനം വകുപ്പ് തീരുമാനം എടുത്തത്.

2 ദിവസത്തിനിടെ 6 കടകൾ തകർത്ത പടയപ്പ ഒരു മാസത്തിനിടെ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി. കൂടാതെ റേഷൻ കടകൾക്ക് നേരെയും പടയപ്പ അതിക്രമങ്ങൾ തുടരുകയാണ്. ഇതാണ് ജനവാസമേഖലയിൽ വീണ്ടും പടയപ്പ കാട്ടിലേക്ക് തുരത്താൻ ശ്രമം ആരംഭിക്കാൻ കാരണം.

ഉൾകാട്ടിലേക്ക് തുരത്താനുള്ള ശ്രമം ചൊവ്വാഴ്ച മുതൽ തുടങ്ങി. മേഖലയിലെ ഉദ്യോഗസ്ഥരുടെപ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സി.സി.എഫ് ആർ.എസ്. അരുണാണ് നിർദ്ദേശം നൽകിയത്. ഉൾകാട് അധികമില്ലാത്ത പ്രദേശത്താണ് ഇപ്പോൾ പടയപ്പയുള്ളത്. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉൾകാട്ടിലേക്ക് കൊണ്ടുവിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്തനാണ് നീക്കം. തൽകാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ആർ.ആർ.ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും.

മാട്ടുപ്പെട്ടിയിലും തെൻമലയിലും ചൊവ്വാഴ്ചയും പടയപ്പ ജനവാസമേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആന ജനവാസമേഖലയിലെത്തുന്നതെന്നാണ് വനം വകുപ്പിന്റെ നിഗമനം. അതിനാൽ തീറ്റയും വെള്ളവുമുള്ള ഉൾകാട്ടിലെത്തിച്ച് തിരികെ വരാതെ നോക്കാനാണ് ശ്രമം. പലപ്പോഴും ആർ.ആർ.ടി സംഘം കാട്ടിലേക്കോടിച്ചു വിടുന്ന പടയപ്പ അധികം വൈകാതെ ജനവാസമേഖലയിലെത്തുന്നു എന്നതാണ് വനം വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്.

നിലവിൽ മാട്ടുപ്പെട്ടി മേഖലയിലാണ് പട്ടയപ്പ ഇവിടെ നിന്നും ആദ്യം തെൻമല, ഗുണ്ടുമല ഭാഗത്തേക്ക് എത്തിക്കുവാനാണ് ശ്രമം. ഇത് കഴിഞ്ഞ് ഉൾവനത്തിലേക്ക് തുരുത്തുക. അവസാന ശ്രമത്തിലാണ് മയക്കുവെടി ഉൾപ്പെടെ നടപടിയിലേക്ക് നീങ്ങുകയുള്ളുവെന്ന് മൂന്നാർ എ.സി.എഫ് ജോബ് നേരിയപറമ്പിൽ പറഞ്ഞു.

Tags:    
News Summary - Munnar DFO has been instructed to get rid of Wild Elephant Padayappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.