തിരുവനന്തപുരം: സാധാരണ മനുഷ്യരുടെ ജീവിതത്തിന് അപകടമുണ്ടാക്കുന്ന ഒരു നടപടിയും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മൂന്നാർ ഒഴിപ്പിക്കലിൽ ഒരു സിനിമാറ്റിക് ആക്ഷൻ പ്രതീക്ഷിക്കേണ്ടെന്നും റവന്യൂ മന്ത്രി കെ.രാജൻ. ജെ.സി.ബികളും കരിമ്പൂച്ചകളുമാണ് ദൗത്യ സംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കണേണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
കയ്യേറ്റങ്ങളോടും കുടിയേറ്റങ്ങളോടുമുള്ള സർക്കാറിന്റെ സമീപനം രണ്ടാണ്. ഒഴിപ്പിക്കൽ ഉന്നതരിലേക്കാണ് പോകുകയെന്നും സാധാരണക്കാർക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ മുന്നോട്ടുപോകുന്നത്. അനാവശ്യമായി ഒരു ധൃതിയും സർക്കാറിന് മുന്നിലില്ല. നടപടിക്രമങ്ങൾ മുന്നോട്ടുപോകണം. അതല്ലാതെ മറ്റൊരു കാര്യവും മുന്നിലില്ല. ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ഉന്നംവച്ചോ ലക്ഷ്യത്തിലേക്കു പോകാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. കരിമ്പൂച്ചകളും ജെ.സി.ബികളുമാണ് ദൗത്യസംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കാണേണ്ടെന്നു ഞാൻ നേരത്തേ പറഞ്ഞതാണ്. സർക്കാർ സർക്കാരിന്റെ നടപടികളുമായി മുന്നോട്ടുപോകും"- മന്ത്രി വ്യക്തമാക്കി.
"എം.എം. മണിയുടെ വിമർശനത്തിനു മറുപടിയില്ല. സർക്കാർ സർക്കാരിന്റെ നടപടിയുമായി മുന്നോട്ടുപോകും. മറുപടികളല്ല, നടപ്പിലാക്കേണ്ടവയാണ് അവ. അതിൽ സർക്കാർ ഒറ്റക്കെട്ടാണ്. ഏതെങ്കിലും വിധത്തിലുള്ള പാർട്ടികളോ കക്ഷിഭേദങ്ങളോ സർക്കാരിനു മുന്നിലില്ല. സർക്കാർ അനാവശ്യമായി സിനിമാറ്റിക് ഡയലോഗോ സിനിമാറ്റിക് ആക്‌ഷനോ അല്ല ലക്ഷ്യം വെക്കുന്നത്. കേരളത്തിലെ സർക്കാർ അവരുടെ ഭൂമി സ്വന്തമാക്കി വയ്ക്കും. സാധാരണക്കാരുടെ അവകാശങ്ങൾ കൃത്യതയോടെ കൊടുക്കും. അനാവശ്യമായ കയ്യേറ്റങ്ങൾ സർക്കാരിന്റെ ലിസ്റ്റിൽപ്പെടുന്നവയല്ല. അതിനാവശ്യമായ നടപടികളെടുക്കും"– മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.