വൈത്തിരി: 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീറ്റ് ജയിച്ചെങ്കിലും ഇന്ത്യയിലെവിടെയും എം.ബി.ബി.എസിന് സീറ്റ് ലഭിക്കാത്തതിനാൽ 61കാരൻ വിദേശത്തേക്ക്. കൽപറ്റ എമിലിയിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മുരളീധരനാണ് കഠിനശ്രമം നടത്തിയിട്ടും മെഡിക്കൽ സീറ്റ് ലഭിക്കാതെ പഠനത്തിന് വിദേശത്തേക്ക് പറന്നത്. എല്ലാ മേഖലയിലും വയോജനങ്ങൾക്കു സംവരണവും മുൻഗണനയും ഉണ്ടായിട്ടും വൈദ്യപഠനത്തിനു പിന്തുണ ലഭിക്കാത്തതിൽ മുരളീധരന് ദുഃഖവും അമർഷവുമുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും എം.ബി.ബി.എസ് സീറ്റിന് ഒരുപാടു ശ്രമിച്ചെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞു അപേക്ഷ തള്ളി. മുരളീധരൻ ശ്രമം തുടർന്നു. ഡൽഹിയിലെ കൺസൾട്ടൻസി വഴി ഉസ്ബെകിസ്താനിലേക്കു അവസരം വന്നപ്പോൾ വിമാനം കയറുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കമായ കുടുംബത്തിൽനിന്നാണ് മുരളീധരൻ ബാങ്കിൽ ജോലിക്കു കയറിയത്.
ജോലി ലഭിച്ച സമയത്തുതന്നെ ഡോക്ടറാവാൻ മോഹവുമായി നടന്ന മുരളീധരന് ‘ഉള്ള ജോലി കളഞ്ഞ് മെഡിക്കൽ പഠനം വേണ്ട’ എന്ന ഉപദേശമാണ് കിട്ടിയത്. പിന്നെ വിരമിക്കും വരെ കാത്തിരുന്നു. 1978ൽ പ്രവേശന പരീക്ഷ എഴുതിയിരുന്നു. സിങ്കപ്പൂർ സ്വദേശിയായ ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരാൾ റുമേനിയയിൽ പോയി മെഡിക്കൽ ബിരുദമെടുത്ത കഥ വായിച്ചതോടെ ഇനി പിന്നോട്ടില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വിരമിച്ച ശേഷം കോച്ചിങ്ങിനൊന്നും പോകാതെ പഠിച്ചെടുത്ത വിവരവുമായാണ് നീറ്റ് എഴുതിയത്. പരീക്ഷ പ്രോസ്പെക്ടസിൽ മെഡിക്കൽ പഠനത്തിന് കുറഞ്ഞ പ്രായം 17 എന്നുണ്ടെങ്കിലും ഉയർന്ന പ്രായപരിധി വെച്ചിട്ടില്ല. എന്നാൽ, സംസ്ഥാന ക്വോട്ടയിലും കേന്ദ്ര ക്വോട്ടയിലും പ്രായപരിധി 25 ആണ്.
അലോപ്പതിയല്ലാത്ത ചില കോഴ്സുകൾക്ക് പ്രവേശനം ലഭ്യമായിരുന്നെങ്കിലും എം.ബി.ബി.എസ് തന്നെയായിരുന്നു മുരളീധരനുവേണ്ടത്. റുമേനിയയിലും ഫിലിപ്പീൻസിലും അഞ്ചു വർഷ കോഴ്സിന് അപേക്ഷ സ്വീകരിച്ചുവെങ്കിലും അടുത്ത വർഷമാണ് പ്രവേശനം ലഭിക്കുക. ഇതോടെയാണ് ഉസ്ബെകിസ്താനിൽ ആറു വർഷ കോഴ്സിന് ചേർന്നത്. ഓരോ സംസ്ഥാനവും ഓരോ സീറ്റെങ്കിലും മുതിർന്ന പൗരന്മാർക്കായി മാറ്റിവെക്കണമെന്നാണ് മുരളീധരെൻറ പക്ഷം. ഭാര്യ ശ്രീലത ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക. മകൻ അവിനാശ് മുരളി പൈലറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.