കോഴിക്കോട്: മികച്ച സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിെൻറ മുഷ്താഖ് അവാർഡ് 'മാധ്യമം' കോഴിക്കോട് ബ്യൂറോ സീനിയർ കറസ്പോണ്ടൻറ് സി.പി. ബിനീഷിന്. 2019 നവംബർ 26 മുതൽ 29 വരെ 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച, കായിക താരങ്ങളായ കുട്ടികളെയും രക്ഷിതാക്കളെയും തട്ടിപ്പിനിരയാക്കുന്നതിനെക്കുറിച്ചുള്ള 'കുട്ടിക്കളിയിലെ വലിയ കളികൾ'എന്ന ലേഖന പരമ്പരക്കാണ് പുരസ്കാരം.
പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്കോയ എന്ന മുഷ്താഖിെൻറ സ്മരണാർഥം കോഴിക്കോട് ജില്ല ഫുട്ബാൾ അസോസിയേഷെൻറ സഹകരണത്തോടെ ഏർപ്പെടുത്തിയ അവാർഡ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.
കളിയെഴുത്തുകാരായ എ.എൻ. രവീന്ദ്രദാസ്, കമാൽ വരദൂർ, സി.പി. വിജയകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നേടിയ പരമ്പര തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ് പ്രസിഡൻറ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.രാകേഷും പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതേ കായികപരമ്പരക്ക് ഇടുക്കി പ്രസ് ക്ലബിെൻറ കെ.പി. ഗോപിനാഥ് മാധ്യമ പുരസ്കാരം സി.പി. ബിനീഷിന് ലഭിച്ചിരുന്നു. 2003 മുതൽ മാധ്യമം പത്രാധിപ സമിതി അംഗമായ സി.പി. ബിനീഷ് നിരവധി ദേശീയ, അന്താരാഷ്ട്ര കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ഉണ്ണികുളം പൂനൂർ ചായിപ്പാറയിൽ രാഘവൻ നായരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ബവിത. മക്കൾ: അനോമ, ആരാധ്യ.
മികച്ച സ്പോർട്സ് ഫോട്ടോഗ്രഫിക്കുള്ള മുഷ്താഖ് അവാർഡ് സുപ്രഭാതം സീനിയർ ഫോട്ടോഗ്രാഫർ ടി.കെ. ദീപപ്രസാദിന് ലഭിച്ചു.
2019 ഡിസംബർ ഒമ്പതിന് ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച 'കൈവിട്ട കളി' എന്ന ചിത്രമാണ് ദീപപ്രസാദിനെ അവാർഡിന് അർഹനാക്കിയത്. പ്രമുഖ ഫോട്ടോഗ്രാഫർമാരായ അജീബ് കൊമാച്ചി, വൽസൻ മേലേപ്പാട്ട്, പ്രമുഖ കളിയെഴുത്തുകാരൻ പി.കെ.രവീന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.