തൃശൂർ: തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മുസ്‌ലിംകളെ മുൻനിർത്തിയുള്ള നീക്കങ്ങൾ എല്ലാവരും അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തൃശൂർ ജില്ല സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.
ഇത് മുസ്‌ലിംകളെ കൂടുതൽ അരിക് വത്കരിക്കുന്നതിന് മാത്രമേ വഴിവെച്ചിട്ടുള്ളൂ. ഇപ്പോഴും കേരളത്തിന് പുറത്ത് കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്ന ജനസമൂഹമായി മുസ്‌ലിംകൾ കഴിയുകയാണ്. ഈ ജനവിഭാഗത്തെ രാഷ്ട്രീയ ശത്രുക്കളായി കണ്ടാണ് സംഘ് പരിവാർ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉണ്ടാക്കുന്നതും ഇന്ത്യ ഭരിക്കുന്നതും. ആർ.എസ്.എസിൽനിന്ന് രാഷ്ട്രീയ സംരക്ഷണം വാഗ്ദാനം ചെയ്ത് മുസ്‌ലിംകൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് ഭാവിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളാകട്ടെ മുസ്‌ലികളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും അവരെ പൊതുമധ്യത്തിൽ ഇകഴ്ത്തുകയും ചെയ്യുന്നു. ഇക്കൂട്ടർ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം മുസ്‌ലിംകളെ ദുരുപയോഗം ചെയ്യുകയാണ്.
രാജ്യത്തിന്റെ ചാലക ശക്തിയാകേണ്ട മഹാ ന്യൂനപക്ഷമായ മുസ്‌ലിംകളെ വെച്ചുള്ള ഇത്തരം രാഷ്ട്രീയ കളികൾ അവസാനിപ്പിക്കാൻ ജനാധിപത്യ- മതേതര ഇന്ത്യയുടെ നിലനിൽപ് ഓർത്തെങ്കിലും സർവ്വരും തയാറാകണം. മുസ്‌ലിം ന്യൂനപക്ഷത്തിന് രാഷ്ട്രീയ അസ്തിത്വം ഉയർത്തി പിടിച്ച മുന്നോട്ട് പോകാനുള്ള ഏക മാർഗം മുസ്‌ലിം ലീഗ് മാത്രമാണെന്ന് കാലം തെളിയിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ സമാപന യോഗം സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. അമീർ സ്വാഗതം പറഞ്ഞു. ഇ.പി. കമറുദ്ധീൻ, ആർ.വി. അബ്ദുൽ റഹീം, കെ.എ. ഹാറൂൺ റഷീദ്, വികെ. മുഹമ്മദ്, പി.കെ. മുഹമ്മദ്, ഹാഷിം തങ്ങൾ, എ ഐ അബ്ദുൽ മജീദ്, അസീസ് താണിപ്പാടം, പി.കെ. ഷാഹുൽ ഹമീദ്, വി എം. മുഹമ്മദ് ഗസ്സാലി, ആർ.പി. ബഷീർ, എം.എ. റഷീദ്, പി.എ. ഷാഹുൽ ഹമീദ്, എം.വി. സുലൈമാൻ, ഉസ്മാൻ കല്ലാട്ടയിൽ, ഗഫൂർ കടങ്ങോട്, ജാഫർ സാദിഖ്, കെകെ. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.