മലപ്പുറം: ഒരുവർഷം നീളുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ബുധനാഴ്ച ചെന്നൈയിൽ തുടക്കമാകുമെന്ന് അഖിലേന്ത്യ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളിലായി നടക്കുന്ന സമ്മേളനത്തിന് ഒരുക്കം പൂർത്തിയായി. എട്ടിന് ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, തമിഴ്നാട് ഗവ. ചീഫ് ഖാദി മുഫ്തി മുഹമ്മദ് സലാഹുദ്ദീൻ അയ്യൂബി എന്നിവർ ആശീർവാദം നേരും. ഒമ്പതിന് ചെന്നൈ കലൈവാണം അരങ്കത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇതോടെ തുടക്കമാകും. മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയപാർട്ടികളും, രാഷ്ട്രനിർമാണത്തിൽ യുവാക്കൾ, വിദ്യാർഥികൾ, വനിതകൾ, തൊഴിലാളികൾ, കർഷകർ എന്നിവരുടെ പങ്ക്, ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനിൽപിന്റെയും ഏഴര പതിറ്റാണ്ട് എന്നീ പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം ചർച്ച ചെയ്യും. പുസ്തകപ്രകാശനം, പോഷകസംഘടന സെഷൻ, വനിത ലീഗ് പ്രതിനിധി സമ്മേളനം, ഗസൽ-ഖവാലി സായാഹ്നം എന്നിവ നടക്കും.
10ന് രാവിലെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ ഖബർ സന്ദർശനം നടക്കും. തുടർന്ന് സംഘടനക്ക് തുടക്കംകുറിച്ച ചെന്നൈ രാജാജി ഹാളിൽ മുസ്ലിം ലീഗ് രൂപവത്കരണത്തിന്റെ പുനരാവിഷ്കാര സമ്മേളനം നടക്കും. പുതിയ കാലത്തിന്റെ പോരാട്ടങ്ങളുടെ നിയോഗമേറ്റെടുത്ത് പ്രതിനിധികൾ പ്രതിജ്ഞ ചെയ്യുന്നതാണ് മുഖ്യ ആകർഷണം. തമിഴ്, മലയാളം, ഉർദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി ഭാഷകളിൽ പ്രതിജ്ഞ നടക്കും. 80 വയസ്സ് പിന്നിട്ട 15 പേരെ ചടങ്ങിൽ ആദരിക്കും. വൈകീട്ട് ഓൾഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്റ്റേഡിയത്തിലെ ഖാഇദെ മില്ലത്ത് നഗറിൽ ലക്ഷങ്ങൾ അണിനിരക്കുന്ന മഹാറാലി നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ റാലിയിൽ മുഖ്യാതിഥിയാകും. തമിഴ്നാട്ടിലെ വളന്റിയർമാർ അണിനിരക്കുന്ന ഗ്രീൻഗാർഡ് പരേഡും അരങ്ങേറും.
വാർത്തസമ്മേളനത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, അസിസ്റ്റന്റ് സെക്രട്ടറി സി.കെ. സുബൈർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.