മലപ്പുറം: പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറത്ത് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി സി.പി.എമ്മിന്റെ തട്ട വിവാദം മാറുന്നു. സി.പി.എം സംസ്ഥാനസമിതിയംഗം കെ. അനിൽ കുമാർ നടത്തിയ വിവാദപരാമർശമാണ് മുസ്‍ലീം ലീഗ് വരും ദിവസങ്ങളിൽ ലൈവാക്കി നിർത്താൻ നോക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ന്യൂജൻ പ്രതിഷേധപരിപാടികൾ തുടങ്ങി. എം.എസ്.എഫ് വനിത വിഭാഗമായ ഹരിതയെയും വനിതലീഗിനെയും മുന്നിൽ നിർത്തിയാണ് കാമ്പയിൻ.
കമ്യൂണിസവും ഇസ്‍ലാമും തമ്മിലുള്ള സൈദ്ധാന്തിക ചർച്ചകളും ഇതോടെ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. ഇ.കെ. വിഭാഗം സമസ്തക്കകത്താണ് ഈ ചർച്ച പൊടിപൊടിക്കുന്നത്. ഇടക്കാലത്ത് സി.പി.എമ്മിനോട് അടുത്തുനിൽക്കുന്ന സമീപനം സ്വീകരിച്ച സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ മറുവിഭാഗം ഈ വിഷയം വെച്ച് അലക്കുന്നുണ്ട്. സി.പി.എമ്മിന് ഏതായാലും മലപ്പുറത്ത് വലിയ പാരയായിരിക്കയാണ് അനിൽകുമാറിന്റെ പ്രസംഗം. മലപ്പുറം ജില്ലയിലെ തീരദേശമേഖലയിൽ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം പ്രതീക്ഷിക്കുന്ന സി.പി.എമ്മിനെ കിട്ടിയ അവസരം വെച്ച് അടിക്കുകയാണ് ലീഗ്. വിഷയം കത്തിത്തുടങ്ങിയപ്പോഴേക്കൂം മലപ്പുറത്തെ സി.പി.എം സഹയാത്രികനായ കെ.ടി. ജലീൽ വിഷയം തണുപ്പിക്കാൻ ‘ചാടിവീണതും’ വെറുതെയല്ല. കൂടെയുണ്ടാവാറുള്ള കാന്തപുരം സുന്നിവിഭാഗം തൽക്കാലത്തേക്കെങ്കിലും പിണങ്ങാൻ ഇതു കാരണമായി.
സാധാരണ ഇത്തരം വിഷയങ്ങളെ ന്യായീകരിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണ് വിഷയം വഷളാവാതെ തിരുത്താൻ നോക്കിയത് എന്നാണ് വിലയിരുത്തൽ. വേണമെങ്കിൽ ന്യായീകരിച്ച് പിടിച്ചുനിൽക്കാവുന്ന പ്രസ്താവനയാണ് അനിൽ കുമാർ നടത്തിയിരുന്നത്.
‘‘മലപ്പുറത്തെ വിദ്യാഭ്യാസം പോയി നോക്കൂ. ഏതെങ്കിലും മതസംഘടനയുണ്ടാക്കിയ വിദ്യാഭ്യാസമാണോ? മലപ്പുറത്തെ പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടയെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിത്തന്നെ, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’’
എസെൻസ് എന്ന നാസ്തിക സംഘടനക്ക് മറുപടി പറഞ്ഞ കൂട്ടത്തിലാണ് വിവാദ പരാമർശമുണ്ടായത്. ന്യായീകരിക്കാൻ നിന്നാൽ പ്രതിപക്ഷം മുതലെടുക്കുമെന്നതിനാൽ പാർട്ടി തിരുത്തി. അനിൽകുമാറിനെ കൊണ്ടും തിരുത്തിച്ചു. നേരത്തെ സ്പീകർ ഷംസീർ നടത്തിയ പുഷ്പകവിമാനചർച്ച വിവാദമായപ്പോൾ ന്യായീകരിച്ചു പിടിച്ചു നിന്ന സി.പി.എം ഈ വിഷയം പെട്ടന്ന് തണുപ്പിച്ചു. അതേ സമയം ഇസ്‍ലാമിസ്റ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങി സി.പി.എം തിരുത്തി എന്നാണ് സംഘ്പരിവാറിന്റെ പ്രചാരണം. മലപ്പുറത്തെ കുറിച്ച വി.എസ്. അച്യുതാനന്ദന്റെ ‘കോപിയടി’ പരാമർശവും മുൻമന്ത്രി കടകം പള്ളി സുരേന്ദ്രന്റെ മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയതയാണെന്ന പരാമർശവും സി.പി.എം തിരുത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടതുകൊണ്ട് മാത്രമാണ് ഈ അതിവേഗതിരുത്ത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
സി.പി.എം തിരുത്തിയാൽ തീരില്ല -കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം പെൺകുട്ടികളുടെ തട്ടം മാറ്റിക്കുന്നത് പാർട്ടിയുടെ നേട്ടമായി പ്രസംഗിച്ച സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ വിവാദപ്രസംഗം പാർട്ടി തിരുത്തിയതുകൊണ്ട് തീരില്ലെന്ന് മുസ്‍ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗം തിരുത്തേണ്ട സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. ബി.ജെ.പിയുടെ ആയുധമാണ് സി.പി.എം ഉപയോഗിച്ചത്. ബി.ജെ.പിയോട് മൃദു സമീപനം പാടില്ലെന്ന് കോൺഗ്രസിനെ ഉപദേശിക്കുന്ന സി.പി.എം അടിസ്ഥാനപരമായ വിഷയത്തിൽ ഇങ്ങനെ പ്രസ്താവന നടത്തിയത് അത്യന്തം ഗൗരവമുള്ള കാര്യം തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
സി.പി.എം വിശ്വാസങ്ങളിലേക്ക് കടന്നുകയറരുത്. ഇൻഡ്യമുന്നണിയിലെ പാർട്ടിയാണ് സി.പി.എം. ആ പാർട്ടിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറത്തെ പറ്റി ഇത്തരം പരാമർശം പണ്ടേ ഉണ്ടായതാണ്. അത് മാറി എന്നാണ് കരുതിയത്. തട്ടം അഴിച്ചുവെച്ചല്ല ആരും നേട്ടങ്ങൾ ഉണ്ടാക്കിയത്. അവർ തട്ടമിട്ടുകൊണ്ട് തന്നെ മുന്നേറും. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ് വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സി.പി.എമ്മിന്റെ എക്കാലത്തേയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.