കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലിം സംഘടനകളുടെ പ്രതിഷേധം. ബിൽ ഭരണഘടന വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ബിൽ നടപ്പാക്കിയാൽ നിയമപരവും രാഷ്ട്രീയവുമായ പ്രതിരോധം തീർക്കുമെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ മുസ്‍ലിംകളെ ഏറെ ആശങ്കപ്പെടുത്തുന്ന വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ മതേതര പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. നുണപ്രചാരണങ്ങളിൽ മതേതര പാർട്ടികൾ വീണുപോവരുതെന്നും തങ്ങൾ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ എടുക്കുന്ന നിലപാടുകൾ ഇന്ത്യൻ മുസ്‍ലിംകൾ ഗൗരവപൂർവം നിരീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ബഹുസ്വര, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവർന്നെടുക്കുന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
വഖഫ് ഭേദഗതി ബിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ എല്ലാ തന്ത്രങ്ങളും പയറ്റുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇടത്, വലത് പക്ഷങ്ങൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിംകളുടെ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്നവരെയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‍വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേരളത്തിലെ ക്രൈസ്തവ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന സൗഹാർദത്തിന്റെ സന്ദേശം അവഗണിച്ച് കള്ളപ്പണ ഇടപാടുകളും മറ്റു സാമ്പത്തിക ക്രമക്കേടുകളും ക്രിമിനല്‍ കേസുകളും മറച്ചുവെക്കാന്‍ മുസ്‌ലിം സമുദായത്തിന്റെ മേക്കിട്ടു കേറാന്‍ വന്നാല്‍ ആരോപണ വിധേയരായ സഭാ പിതാക്കന്മാരുടെ തനിനിറം വ്യക്തമാക്കാന്‍ മതേതര സമൂഹം നിര്‍ബന്ധിതമാവും. സംസ്ഥാന പ്രസിഡന്റ് സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ജനകീയ പ്രതിരോധം തീർക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. അബ്ദുൽ ഹമീദ് മാസ്റ്റർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഘ്പരിവാറിന്‍റെ ഹിറ്റ്ലിസ്റ്റിലുള്ള രണ്ടാമത്തെ വിഭാഗം ക്രൈസ്തവരാണെന്ന് അവർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം: വഖഫ് ഭേദഗതി ബില്ലിനെ കോടതിയിൽ ചോദ്യംചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കെട്ടിച്ചമക്കപ്പെട്ട നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നത്. സമഗ്രമായ വഖഫ് നിയമം ഇന്ത്യയിലുണ്ട്. ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ പിടിച്ചടക്കാനുള്ള നിയമമുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്നതാണ്. 2013ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപവത്കൃതമായ വഖഫ് നിയമത്തിൽ മാറ്റം കൊണ്ടുവരുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ന്യൂനപക്ഷ അവകാശ ധ്വംസനമാണിത്. വഖഫ് ശക്തമായ നിയമപരിരക്ഷയുള്ള വ്യവസ്ഥാപിതമായി പോകുന്ന സ്ഥാപമായതിനാലാണ് ഭരണകൂടത്തിന് ഇതുവരെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബിൽ വിശ്വാസസ്വാതന്ത്ര്യം വകവെച്ചുതരുന്ന ഭരണഘടന തത്ത്വങ്ങൾക്കും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും കടകവിരുദ്ധമാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി. ബില്ലിനെ തുറന്നെതിർത്ത ഇൻഡ്യ മുന്നണി അഭിനന്ദനമർഹിക്കുന്നു. മുസ്‌ലിം സമുദായത്തിന്‍റെ മതപരമായ വിഷയമായിട്ടുകൂടി ഇതിനെതിരെ പ്രതികരണങ്ങൾ ഉയർത്തിയ ചില സഭ നേതാക്കളുടെ നിലപാട് വേദനാജനകവും അപലപനീയവുമാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
മലപ്പുറം: മുനമ്പം വിഷയവും വഖഫ് ഭേദഗതി ബില്ലും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുനമ്പം വിഷയം ഇവിടെ രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ. ആ പ്രശ്നം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിനേ കഴിയൂ. മുനമ്പം വിഷയത്തെ വഖഫ് ഭേദഗതി ബില്ലിൽ കൊണ്ടുപോയി കെട്ടിയത് രാഷ്ട്രീയലക്ഷ്യംവെച്ചാണ്. വഖഫ് വിശ്വാസപരമായ കാര്യമാണ്. ദൈവമാർഗത്തിൽ സ്വന്തം സ്വത്ത് സമർപ്പിക്കാനുള്ള മതപരമായ വിശ്വാസത്തെ ഹനിക്കാനാണ് വഖഫ് ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും അതിനാലാണ് എതിർക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബില്ലിൽ ബി.ജെ.പി പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ള നിയമമാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ഒതുങ്ങില്ല. നിയമമാകുന്നതോടെ എല്ലാവരെയും ബാധിക്കും. നാളെ മറ്റു ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളും അവര്‍ പിടിച്ചടക്കും. രാജ്യത്തെ പല ഭാഗത്തും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം: മുസ്‍ലിം ജനവിഭാഗത്തെ ഏറെ ആശങ്കപ്പെടുത്തുന്ന വഖഫ് ഭേദഗതി ബിൽ പാർലമെൻറിൽ വരുമ്പോൾ മതേതര പാർട്ടികൾ നീതിപൂർവം ചുമതല നിർവഹിക്കണമെന്ന് സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കടുത്ത വിദ്വേഷ പ്രചാരണമഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പലരും ശ്രമിക്കുന്നത്. അതിലൂടെ തകരുന്നത് രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും നാടിന്റെ സൗഹൃദാന്തരീക്ഷവുമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമി വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ മാർഗത്തിൽ ദാനംചെയ്യുന്നതാണ് വഖഫ് ഭൂമി. അത് വിൽക്കാനോ ദാനംചെയ്യാനോ പാടില്ലെന്നതാണ് ഇസ്‍ലാമിക നിയമം. അത് സംരക്ഷിക്കാൻ പാർലമെൻറ് നിയമം പാസാക്കിയതുമാണ്.
ഇതിനെ തെറ്റിദ്ധരിപ്പിച്ച് വഖഫ് സ്വത്തുക്കൾ കൈയേറാൻ അവസരമൊരുക്കുന്ന നിയമനിർമാണങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും നുണപ്രചാരണങ്ങളിൽ മതേതര പാർട്ടികൾ വീഴരുതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
തിരുവനന്തപുരം: പ്രതിപക്ഷ ശബ്ദങ്ങളെയോ മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങളെയോ മുഖവിലക്കെടുക്കാതെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം ഉന്മൂലന അജണ്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളിൽ അന്തിമ അഭിപ്രായം അറിയിക്കാൻ രൂപപ്പെടുത്തിയ ജോയന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) പ്രതിപക്ഷ അംഗങ്ങളായവരുടെ അഭിപ്രായം പരിഗണിക്കാതെ കേന്ദ്ര സർക്കാറിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എൻ.ഡി.എ ഘടകകക്ഷികളുടെ കൂടെ പിന്തുണയിൽ വഖഫ് ഭേദഗതി ബിൽ പ്രബല്യത്തിൽ കൊണ്ടുവരുന്നത്.
ഭരണകൂട അടിച്ചമർത്തലുകൾക്ക് നിരന്തരം വിധേയമാക്കപ്പെടുമ്പോഴും മുസ്ലിം സമുദായത്തെ അതിജീവിച്ച് നിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ് വഖഫ് സ്വത്തുക്കൾ. മുസ്ലിം സമുദായത്തിന്റെ സ്വതന്ത്രമായ നിലനിൽപ് ഇല്ലാതാക്കാനുള്ള ഹിന്ദുത്വ വംശീയ പദ്ധതിയായി വഖഫ് ഭേദഗതി ബില്ലിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ എല്ലാവരും തയാറാകണം. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.