കോഴിക്കോട്: കലാലയങ്ങളിൽ ഭരണകൂടം ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിലാണ് സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധമുയർന്നത്.
ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുകയെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രൽ ആശയങ്ങളെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധപൂർവം നടപ്പിലാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ ശ്രമത്തിൽനിന്ന് സർക്കാർ പിന്മാറണം.
കേരളീയ സമൂഹം കുടുംബഘടനക്കും ധാർമിക മൂല്യങ്ങൾക്കും വില കൽപിക്കുന്നവരാണ്. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദുചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് പ്രവണതയാണെന്നും നേതാക്കൾ പറഞ്ഞു. സാദിഖലി തങ്ങളുടെ അഭാവത്തിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. മുനീർ എം.എൽ.എ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട് (സമസ്ത), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), പി.എൻ. അബ്ദുൽ ലത്തീഫ് മൗലവി, ടി.കെ. അഷ്റഫ് (വിസ്ഡം), അഡ്വ. ഹനീഫ് (മർക്കസുദ്ദഅ്വ), എൻജിനീയർ പി. മമ്മദ് കോയ (എം.എസ്.എസ്), പ്രഫ. കടവനാട് മുഹമ്മദ് (എം.ഇ.എസ്), സി. മരക്കാരുട്ടി, അബ്ദുൽ സലാം വളപ്പിൽ (കെ.എൻ.എം), ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ) എന്നിവർ പങ്കെടുത്തു. അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.