കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിെൻറ ഭാരവാഹിസ്ഥാനങ്ങളിൽ വനിതകൾ പുറത്ത്. പോഷകസംഘടനകളിൽ 20 ശതമാനം വനിത സംവരണം ഏർപ്പെടുത്തുമെന്ന ലീഗ് പ്രവർത്തക സമിതി തീരുമാനശേഷവും യൂത്ത്ലീഗ് നേതൃസ്ഥാനത്ത് വനിതകൾ പരിഗണിക്കപ്പെട്ടില്ല. യൂത്ത്ലീഗ് അംഗത്വ കാമ്പയിൻ നേരേത്ത കഴിഞ്ഞതായതിനാൽ അടുത്ത കാമ്പയിനുശേഷം വനിതകളെ പരിഗണിക്കുമെന്നാണ് നേതൃത്വത്തിെൻറ വിശദീകരണം. ഹരിത ഉയർത്തിയ കലാപത്തെ തുടർന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അഡ്വ. ഫാത്തിമ തഹ്ലിയയെ യൂത്ത്ലീഗ് ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും അവഗണിച്ചു.
ശനിയാഴ്ച കോഴിക്കോട്ടു ചേർന്ന യൂത്ത് ലീഗ് കൗൺസിൽ യോഗത്തിൽ നേരേത്ത തീരുമാനിച്ചുറച്ചപോലെ മുനവ്വറലി തങ്ങളും പി.കെ. ഫിറോസും പ്രസിഡൻറ്, ജന. സെക്രട്ടറി സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ഒരു തലമുറയാണ് തഴയപ്പെട്ടത്. നിലവിൽ മുനവ്വറലിയും ഫിറോസും അഞ്ചര വർഷമായി നേതൃസ്ഥാനത്ത് തുടരുകയാണ്. മൂന്നു വർഷ കാലാവധി പൂർത്തിയാക്കി അംഗത്വ കാമ്പയിനും കഴിഞ്ഞശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് രണ്ടര വർഷമാണ് പഴയ കമ്മിറ്റി അധികമായി തുടർന്നത്. ഇതിനിടെ, മുനവ്വറലി തങ്ങൾ യൂത്ത്ലീഗ് പ്രായപരിധി കഴിഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ തങ്ങളെ മാറ്റിയാൽ ഭാരവാഹി തെരഞ്ഞെടുപ്പ് സങ്കീർണമാകുമെന്നതിനാൽ മുസ്ലിം ലീഗ് നേതൃത്വത്തിെൻറ ഇടപെടലിൽ കമ്മിറ്റി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ പ്രായപരിധി കഴിയുന്നതിനുമുമ്പ് നേതൃസ്ഥാനത്തേക്കു പരിഗണിക്കേണ്ടിയിരുന്ന നിരവധി പേർ പുറത്തായി. ഇതിൽ യൂത്ത്ലീഗിനകത്ത് കടുത്ത അമർഷമുണ്ട്.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയും 'ഹരിത'യും തമ്മിലെ പ്രശ്നത്തിൽ ഹരിതയെ പിന്തുണച്ച എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, കഴിഞ്ഞതവണ സെക്രട്ടറിമാരായിരുന്ന അൻവർ സാദത്ത് (പാലക്കാട്), ആഷിക് ചെലവൂർ (കോഴിക്കോട്) എന്നിവർ തഴയപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്ന മലപ്പുറത്തെ മുജീബ് കാടേരിയും ഫൈസൽ ബാഫഖി തങ്ങളും വൈസ് പ്രസിഡൻറ് സ്ഥാനം നിലനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.