തിരുവനന്തപുരം : വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമസ്‌ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാട് എടുക്കുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും അണികളെയും ഭീകരത സൃഷ്‌ടിച്ച് ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല.
ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച് വോട്ട് ചെയ്യാൻ അവകാശമുണ്ട്. ഈ അവകാശം ഉൾപ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഇന്ന് ഏറ്റവും അനുയോജ്യമായ നാടാണ് കേരളം. ആ കേരളത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾ രേഖപ്പെടുത്താനും അഭിപ്രായങ്ങൾ തുറന്നുപറയാനും മുന്നോട്ട് വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനകില്ല.
ഇത്തരം ഭീഷണികളെ ചെറുത്ത് തോൽപിച്ച നാടാണ് കേരളം. ഇങ്ങനെയുള്ള ഭീഷണികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണം. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ലെന്ന് തിരിച്ചറിയണെന്നും എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.