തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന പി.വി. അൻവറിന്‍റെ ആരോപണത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘അങ്ങോട്ട് പറയുമ്പോൾ ഇങ്ങോട്ടും കിട്ടുമെന്ന് കരുതിക്കൊള്ളണ’മെന്ന് എ.കെ.ജി സെന്‍ററിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, ജൈവപരമായ ഡി.എൻ.എ അല്ല, രാഷ്ട്രീയ പരാമ്പര്യത്തിന്‍റെ ഡി.എൻ.എയാണ് അൻവർ ഉദ്ദേശിച്ചത്. ആരെങ്കിലും ജൈവ ഡി.എൻ.എ ഉദ്ദേശിക്കുമോ. പരാമർശത്തെ രാഷ്ട്രീയമായി കണ്ടാൽ മതി. ജൈവ ഘടനയായി കാണേണ്ട. രാഹുൽ ഗാന്ധിയുടെ അമ്മ, അച്ഛൻ എന്നിവരെല്ലാം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന നേതാക്കളല്ലേ. തെക്കും വടക്കും നടന്നാൽ മാത്രം പോരാ, നെഹ്റുവിന്റ പുസ്തകം കൂടി രാഹുൽ വായിക്കണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നെന്ന് പി.വി. അൻവർ. ‘പൊളിറ്റിക്കൽ’ ഡി.എൻ.എ എന്ന് തന്നെയാണ് ഉദ്ദേശിച്ചത്. നെഹ്റുവിന്‍റെ കുടുംബത്തിൽ നിന്ന് വന്ന വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചാൽ അത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അൻവർ പറഞ്ഞു.
രാഹുലിന്‍റെ രാഷ്ട്രീയ പാരമ്പര്യത്തെ കുറിച്ചാണ് ജനങ്ങൾ മനസിലാക്കുന്നത്. വ്യക്തി അധിക്ഷേപമായി ആരും കാണേണ്ടതില്ല. ബയോളജിക്കൽ ഡി.എൻ.എയെ കുറിച്ച് ആരും പറഞ്ഞിട്ടില്ല. പൊളിറ്റിക്കൽ ഡി.എൻ.എയെ കുറിച്ച് രാജ്യത്തെ ജനങ്ങൾ പരിശോധിക്കണമെന്ന് പറഞ്ഞതിനെ കോൺഗ്രസും യു.ഡി.എഫും ആയുധമാക്കുകയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.