കെ. സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണമെന്ന്‌ എം.വി ഗോവിന്ദന്‍

തിരുവന്തപുരം: കെ. സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ. സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രസ്‌താവനയില്‍ അറിയച്ചു.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്‌. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി ഈ നയം ശക്തമായി നടപ്പിലാക്കാനുമാണ്‌ അവര്‍ ശ്രമിക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ സംഘപരിവാറുകാരെ സെനറ്റിലേക്ക്‌ നോമിനേഷന്‍ നടത്തിയ നടപടി ഗവര്‍ണര്‍ മുന്നോട്ടുവെച്ചത്‌.

ഇതിനെതിരെ ശക്തമായ പ്രതിഷേധം വിദ്യാർഥികളുള്‍പ്പെടേയുള്ള അക്കാദമിക്‌ സമൂഹത്തില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരിക്കുകയാണ്‌. എന്നാല്‍ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി സംഘപരിവാറുകാരെ നോമിനേറ്റ്‌ ചെയ്‌ത ഗവര്‍ണറുടെ നടപടിക്ക്‌ കെ സുധാകരന്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്‌.

കേരളത്തിലെ രണ്ട്‌ മുന്നണികളും പൊതുവെ സംഘപരിവാറിനെതിരെ പ്രതിരോധിക്കുന്ന നിലയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. ഈ സാഹചര്യത്തെ അട്ടിമറിക്കുന്ന തരത്തില്‍ കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ കെട്ടാനുള്ള പദ്ധതികളാണ്‌ കെ. സുധാകരന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഇതിനെതിരെ കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്‌.

ബി.ജെ.പിയുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തുകയും, അതിലേക്ക്‌ ചുവടുമാറുമെന്ന്‌ സൂചന നല്‍കിയ ആളാണ്‌ കെ സുധാകരന്‍. സംഘപരിവാറിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും സംഘപരിവാറിന്റെ കൂട്ടുകാരനായി പ്രഖ്യാപിച്ച നിലപാടും ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ സംഘപരിവാറിന്‌ തീറെഴുതി നല്‍കാനുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാട്‌ ജനാധിപത്യ കേരളത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്‌.

ഇത്‌ സംബന്ധിച്ച്‌ കോണ്‍ഗ്രസിലേയും, യു.ഡി.എഫിലേയും മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തികളും, പ്രസ്ഥാനങ്ങളും നിലപാട്‌ വ്യക്തമാക്കണമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

Tags:    
News Summary - MV Govindan wants democratic Kerala to come forward against K. Sudhakaran's conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.