തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ബാർകോഴ വെളിപ്പെടുത്തലിന് നാലുവയസ്സായിട്ടും ദുരൂഹത ഒഴിയുന്നില്ല. മൂന്നാം വിജിലൻസ് റിപ്പോർട്ടും കോടതി തള്ളിയതോടെ ഇരുമുന്നണിക്കും തിരിച്ചടിയാണ്.
മതിയായ ഭൗതിക സാഹചര്യമില്ലെന്ന് പറഞ്ഞാണ് 2014 ല്‍ യു.ഡി.എഫ് 412 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കാതിരുന്നത്. പിന്നീട്, അവക്ക് ലൈസന്‍സ് നല്കാന് ഭരണതലപ്പത്തുള്ളവര്‍ പണത്തിന് ലേലം വിളിയായി. പണം കിട്ടിയവരും കിട്ടാത്തവരും തമ്മിൽ തര്‍ക്കം മൂത്ത് വിവാദവുമായി. അതിനൊടുവിലാണ് ബാറുടമ ബിജു രമേശ് മാണിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് എൽ.ഡി.എഫ് നടത്തിയ പോരാട്ടത്തിനൊടുവിലാണ് മാണിക്ക് രാജിവെക്കേണ്ടി വന്നത്. കോടതിയിൽ അഗ്നിശുദ്ധി വരുത്താൻ മാണിക്ക് കഴിഞ്ഞിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി ആർ. സുകേശെൻറ വസ്തുതവിവരറിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയപ്പോൾ മാണിക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാണിയുടെ പാലായിലെ വസതിയിലും തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലും ഉൾപ്പെടെ കോഴപ്പണം കൈമാറിയതിന് സാഹചര്യത്തെളിവ് കണ്ടെത്തിയെന്നായിരുന്നു സുകേശെൻറ റിപ്പോർട്ട്. ബിജു രമേശിെൻറ ഡ്രൈവർ അമ്പിളിയുടെ നുണ പരിശോധനയിലും കോഴ ഇടപാട് നടന്നെന്നായിരുന്നു തെളിഞ്ഞത്. എന്നിട്ടും അന്തിമ റിപ്പോർട്ടിൽ മാണി കുറ്റമുക്തനായത് അന്നത്തെ സർക്കാർതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉന്നത ഇടപെടലുണ്ടായതിെൻറ തെളിവാണ്.
ഇതിനിടെ, മാണിക്കെതിരെ നിലപാടെടുത്ത വിജിലൻസ് ഡയറക്ർ ജേക്കബ് തോമസിനെ മാറ്റിയതും സംശയത്തിന് വഴിവെച്ചു. 2016ൽ ഒന്നാം തുടരന്വേഷണം നടത്തി വിജിലൻസ് മാണിയെ വെള്ളപൂശി സമർപ്പിച്ച റിപ്പോർട്ടും കോടതി തള്ളി. സുകേശൻ ഹരജി നൽകിയതോടെയാണ് രണ്ടാം തുടരന്വേഷണത്തിന് വഴിതുറന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷവും മാണിയെ കുറ്റമുക്തനാക്കി 2018 മാർച്ചിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ബാറുടമകളുടെ ശബ്ദരേഖയുടെ പൂർണരൂപം പരിശോധിക്കാത്തതും കോഴത്തുക സമാഹരിക്കാൻ ബാറുടമകൾ നടത്തിയ പണപ്പിരിവിെൻറ വിവരം ശേഖരിക്കാത്തതും വിജിലൻസ് റിപ്പോർട്ടിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്തു. സ്പെഷൽ പ്രോസിക്യൂട്ടർ കെ.പി. സതീശൻ അറിയാതെ മാണിയെ കുറ്റമുക്തനാക്കി റിപ്പോർട്ട് നൽകിയതും പിന്നീട് സതീശനെ മാറ്റിയതും സംശയത്തിന് വഴിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.