പത്തനംതിട്ട: നികുതി അടക്കാൻ ആവശ്യപ്പെട്ടതിന് സി.പി.എം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലം മാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫിസർ. അവധിയിൽ പ്രവേശിച്ച നാരങ്ങാനം വില്ലേജ് ഓഫിസർ ജോസഫ് ജോർജാണ് കലക്ടറോട് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫിസിൽ ജോലി ചെയ്യാൻ ഭയമാണെന്നും ഭീഷണി കോൾ വീണ്ടും വന്നുവെന്നുമാണ് ജോസഫ് ജോർജ് പറയുന്നത്.
'ഇനി ഞാൻ നാരങ്ങാനത്തേക്കില്ല, എന്റെ സുഹൃത്തുക്കളെല്ലാം പറയുന്നത്, പൊന്നു സാറേ ഇനി അങ്ങോട്ട് പോകണ്ട, അവൻമാർ എന്തെങ്കിലും ചെയ്തു കളയുമെന്നാണ്. ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇദ്ദേഹം പാർട്ടിയിൽ വലിയ പദവിയിരിക്കുന്നയാളാണെന്ന് അറിയില്ലായിരുന്നു.'- ജോസഫ് ജോർജ് പറഞ്ഞു.
പുതുതായി വീടുവെക്കുമ്പോൾ റവന്യൂ വകുപ്പിൽ നൽകേണ്ട നികുതിയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വില്ലേജ് ഓഫീസർ സി.പി.എം ഏരിയ സെക്രട്ടറി എം.വി സഞ്ജുവിനെ വിളിക്കുന്നത്. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.
സഞ്ജുവിന്റെ പുതിയ വീടിന്‍റെ 2022 മുതൽ 2025 വരെയുള്ള കുടിശ്ശിക 30,000 രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചത്.
ആദ്യം പുതിയ വില്ലേജ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. കരം അടക്കാം അടക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ അടച്ചിട്ടില്ലെന്നും പറയുന്നു. കലക്ടറേറ്റിൽനിന്ന് ചോദ്യം വന്നാൽ തനിക്ക് മുട്ടുമടക്കി നിൽക്കേണ്ടി വരുമെന്ന് പറയുന്നു. ഇതുകേട്ട ഉടൻ സഞ്ജു താങ്കൾ എവിടത്തുകാരനാണെന്ന് ചോദിക്കുന്നു. കേരളത്തിലാണെന്നും ജോലി ചെയ്ത് കുടുംബം പോറ്റാൻ വന്നതാണെന്നും ഓഫിസർ മറുപടി പറയുന്നു.
ഒടുവിൽ, തന്‍റെ സ്ഥലം മാവേലിക്കരയാണെന്നും വില്ലേജ് ഓഫിസർ പറയുന്നുണ്ട്. നികുതി അടച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരുമെന്ന് പറയുമ്പോൾ സഞ്ജു അസഭ്യ വാക്ക് ഉപയോഗിച്ച് വില്ലേജ് ഓഫിസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫിസർ തന്നെ ഫോണിൽ റെേക്കാഡ് ചെയ്തതാണ് ശബ്ദരേഖ. പിന്നീട് റവന്യൂ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഇടുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു. ഫോൺ സംഭാഷണത്തിൽ വില്ലേജ് ഓഫീസറും അൽപം പരുഷമായി തന്നെയാണ് സംസാരിക്കുന്നത്.
അതേസമയം, വില്ലേജ് ഓഫിസര്‍ തന്നെ വിളിച്ച് പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അതിരുവിട്ടപ്പോഴാണ് അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ് എം.വി. സഞ്ജുവിന്റെ വിശദീകരണം. 8000 രൂപ മാത്രമാണ് കുടിശ്ശിക ഉള്ളത്. അടക്കാന്‍ വിട്ടുപോയതാണ്. വില്ലേജ് ഓഫിസര്‍ ഫോണില്‍ വിളിച്ചിട്ട് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ ഒട്ടും മര്യാദയില്ലാതെയാണ് സംസാരിച്ചത്. അതിരുകടന്നപ്പോള്‍ താനും അതിരുവിട്ട് പ്രതികരിച്ചു പോയതാണെന്നും സഞ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.