കോഴിക്കോട്: ഐ.എൻ.എൽ ഗ്രൂപ്പിസം പിളർപ്പിൽ പര്യവസാനിച്ചതോടെ അഖിലേന്ത്യ നേതൃത്വത്തിെൻറ പിന്തുണയോടെ കാസിം ഇരിക്കൂർ പക്ഷം പാർട്ടിയിൽ പിടിമുറുക്കി. അഖിലേന്ത്യ ജന. സെക്രട്ടറികൂടിയായ മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം പക്ഷത്ത് നിലയുറപ്പിച്ചതോടെ പ്രസിഡൻറായിരുന്ന പ്രഫ. എ.പി. അബ്ദുൽ വഹാബിന് പുതിയ പാർട്ടി ഉണ്ടാക്കുകയേ നിർവാഹമുള്ളൂ.
പാർട്ടി ഭരണഘടനപ്രകാരം അഖിലേന്ത്യ കമ്മിറ്റിക്കാണ് പരമാധികാരം. അതുകൊണ്ടാണ് അഖിലേന്ത്യ കമ്മിറ്റിയിൽ പിടിമുറുക്കി കാസിം ഇരിക്കൂർ കരുനീക്കങ്ങൾ നടത്തിയത്. പാർട്ടിയുടെ സ്ഥാപക അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിന് സുപ്രധാന അധികാരങ്ങളുമായാണ് ഭരണഘടനക്ക് രൂപംനൽകിയത്. ഇപ്പോഴത്തെ പ്രസിഡൻറ് മുഹമ്മദ് സുലൈമാനും ഈ അധികാരങ്ങൾ ഉപയോഗിച്ചാണ് സംസ്ഥാന കമ്മിറ്റിയെ നിയന്ത്രിക്കുന്നത്.
ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് മുസ്ലിം ലീഗിനെതിരെ കലാപക്കൊടി ഉയർത്തിയ ഇബ്രാഹിം സുലൈമാൻ സേട്ടിെൻറ നേതൃത്വത്തിലാണ് '94ൽ ഐ.എൻ.എൽ രൂപവത്കരിക്കുന്നത്. അന്ന് ലീഗിെൻറ അഖിലേന്ത്യ പ്രസിഡൻറായിരുന്ന സേട്ടിനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ പുറത്താക്കിയത് കൗതുകമായിരുന്നു.
ചില പുകഞ്ഞ കൊള്ളികൾ പുറത്തുപോകുന്നതോടെ എല്ലാം കലങ്ങിത്തെളിയുമെന്ന സന്ദേശം മന്ത്രി ദേവർകോവിൽ ഉൾപ്പെടെയുള്ളവർ മുന്നണി നേതൃത്വത്തെ നേരേത്തതന്നെ അറിയിച്ചതായാണ് വിവരം. കൂടുതൽ ജില്ല കമ്മിറ്റികളുടെ പിന്തുണയും കാസിം പക്ഷത്തിനാണ്.
നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടിയിൽ പ്രശ്നം രൂക്ഷമായത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുവനേതാവ് എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെ ചിലർ കണ്ണുവെച്ചിരുന്നു. എന്നാൽ, അഹമ്മദ് ദേവർകോവിലിന് നറുക്കുവീഴുകയും അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തതോടെ പ്രശ്നങ്ങൾ ആളിക്കത്താൻ തുടങ്ങി. അഹമ്മദ് ദേവർകോവിലിെൻറ വലംകൈയായി കാസിം ഇരിക്കൂർ നിലയുറപ്പിച്ചതോടെ മറുഭാഗത്തിെൻറ അതൃപ്തി ശക്തമാവുകയും അകൽച്ച കൂടുകയും ചെയ്തു.
മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ഏകാഭിപ്രായത്തിലെത്താനായില്ല. അതിനിടെ, ദേവർകോവിലിനെ തോൽപിക്കാൻ ചരടുവലി നടത്തിയതിെൻറ പേരിൽ എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർക്കെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് വിളിക്കണമെന്ന ആവശ്യവുമായി പ്രസിഡൻറ് എ.പി.എ. വഹാബ് രംഗത്തുവന്നത്. കാസിം ഇരിക്കൂർ തയാറാവാതിരുന്നതോടെ ഉടലെടുത്ത പ്രശ്നം അഖിലേന്ത്യ പ്രസിഡൻറ് ഇടപെട്ട് പരിഹരിച്ചെങ്കിലും നേരേത്ത നീറിക്കൊണ്ടിരുന്ന പ്രശ്നങ്ങളാണ് ഇപ്പോൾ ആളിക്കത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.