ഒരു ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ഇതോടെ സംസ്ഥാനത്തെ 190 ആശുപത്രികളാണ് ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ന്നത്.

ഘട്ടം ഘട്ടമായി പരമാവധി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആകെ 190 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 82 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 129 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുന്നത്.

Tags:    
News Summary - National quality recognition for one more hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.