കോഴിക്കോട്: മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കെതിരെ ചാവേർ ആക്രമണമുണ്ടായാൽ ‘രക്ഷാപ്രവർത്തനം’ തുടരുമെന്ന് ഡി.വൈ.എഫ്.ഐ. കോഴിക്കോട്ട് വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നേതാക്കൾ.
മാടായിയിൽ ചാവേർ സംഘം മുഖ്യമന്ത്രിയുടെ വണ്ടിക്ക് മുകളിലേക്ക് ചാടിവീണപ്പോൾ അപകടം ഒഴിവാക്കാനാണ് ഡി.വൈ.എഫ്.ഐക്കാർ ഇടപെട്ടത്. കുന്ദമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ വന്നത് ക്വട്ടേഷൻ സംഘമാണ്. നല്ലരീതിയിൽ നടന്നുവരുന്ന നവകേരള സദസ്സിനെതിരെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ, സ്വാഭാവികമായും മുഖ്യമന്ത്രി പറഞ്ഞതുപോലെ ‘രക്ഷാപ്രവർത്തനം’ ഉണ്ടാവും. നവകേരള സദസ്സിനെ കലാപഭൂമിയാക്കാനുള്ള ശ്രമം നടക്കില്ല. ഡി.വൈ.എഫ്.ഐ പ്രവർത്തകരും മുമ്പ് കരിങ്കൊടി കാണിച്ചിട്ടുണ്ട്. കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇതെല്ലാം ചെയ്‌തതെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജന്മാരെയെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയും. ഈ സ്ഥിതി തുടർന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ജയിലിൽ ചേരേണ്ടിവരും.
വ്യാജന്മാരുടെ കേന്ദ്രമായി കേരളത്തിലെ യൂത്ത് കോൺഗ്രസ് മാറി. ഇതിനു പിന്നിലും വി.ഡി. സതീശനും കനഗോലുവും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ട് ലക്ഷം വ്യാജ കാർഡ് അടിച്ചെന്ന് പറയുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇപ്പോൾ എവിടെയാണെന്നും നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.