നവീൻ ബാബു​, ഭാര്യ മഞ്ജുഷ

നവീന്റെ പോസ്റ്റ്മോർട്ടം കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ നടത്തിയതിൽ ദുരൂഹത -ഭാര്യ മഞ്ജുഷ

കോന്നി: എ.ഡി.എം നവീൻ ബാബുവിന്‍റെ ഇൻക്വസ്റ്റ്-പോസ്റ്റ്മോർട്ടം നടപടികൾ ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല നടന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ഭാര്യ മഞ്ജുഷ. ‘ആത്മഹത്യക്കുറിപ്പ് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിനുശേഷം ദിവ്യയെ അറസ്റ്റ് ചെയ്യണമായിരുന്നു. അത് ചെയ്തില്ല. ആ യോഗത്തിൽ ദിവ്യ സംസാരിച്ചു തുടങ്ങിയപ്പോൾതന്നെ കണ്ണൂർ ജില്ല കലക്ടർക്ക് ഇടപെടാമായിരുന്നു. എന്നിട്ടും ഒന്നും ചെയ്‌തില്ല. സ്വകാര്യ ചാനലിനെ അവിടെ എത്തിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത് തെറ്റാണ്. ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാൻ ദിവ്യയെ കലക്ടർ അനുവദിക്കരുതായിരുന്നു’ -അവർ പറഞ്ഞു.

നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യയുടെ മുൻ‌കൂർ ജാമ്യം തള്ളിയത് ‘ആശ്വാസ വിധിയാണെന്നും അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് കരുതുന്നുവെന്നും അവർ പ്രതികരിച്ചു. ദിവ്യക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും അതിനായി നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും മലയാലപ്പുഴയിലെ വീട്ടിൽ അവർ മാധ്യമങ്ങളോടു പറഞ്ഞു. നവീനിന്‍റെ മരണം നടന്ന് 15 ദിവസത്തിന് ശേഷമായിരുന്നു അവരുടെ ആദ്യ പ്രതികരണം.

‘റവന്യൂ വകുപ്പിൽ മികച്ച രീതിയിൽ ജോലി ചെയ്തിരുന്ന ആളാണ് എന്റെ ഭർത്താവ്. ഫയൽ കൃത്യമായി നോക്കുമായിരുന്നു. മേലുദ്യോഗസ്ഥർക്കും അക്കാര്യം അറിയാമായിരുന്നു. ഈ സംഭവത്തിനുശേഷം നടന്ന കാര്യങ്ങൾ എന്നോട് അദ്ദേഹം വിശദീകരിച്ചിരുന്നു. സംഭവത്തിൽ വിഷമമുണ്ടെന്ന് പറഞ്ഞിരുന്നു’’ - മഞ്ജുഷ പറഞ്ഞു.

കേസിന്‍റെ നിയമവശം മാത്രമാണ് കുടുംബം നോക്കിയതെന്ന് നവീൻ ബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺ ബാബു പ്രതികരിച്ചു. രാഷ്ട്രീയവശങ്ങൾ നോക്കിയിരുന്നില്ല. നിയമപോരാട്ടമാണ് കുടുംബം നടത്തിയത്. രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഈ വിഷയം സംസാരിച്ചിട്ടില്ല- പ്രവീൺ ബാബു പറഞ്ഞു.

അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ പരിഗണനയിൽ

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയന്റ് കമീഷണർ എ. ഗീത സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിയുടെ പരിഗണനയിൽ. ചീഫ് സെക്രട്ടറിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് ലഭിക്കുക. റവന്യൂ സെക്രട്ടറിക്കാണ് ജോയന്റ് കമീഷണർ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്.

പമ്പിനുള്ള എൻ.ഒ.സിയിൽ എ.ഡി.എം കാലതാമസം വരുത്തിയിട്ടുണ്ടോ എന്നായിരുന്നു ജോയന്റ് കമീഷണർ പ്രധാനമായും അന്വേഷിച്ചത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നുമാണ് കണ്ടെത്തൽ. ഫലത്തിൽ ചീഫ് സെക്രട്ടറിക്ക് ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് നിർദേശിക്കേണ്ട സാഹചര്യമില്ല. ഇതോടെ റിപ്പോർട്ടിലെ സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ചീഫ് സെക്രട്ടറി റവന്യൂ മന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.

Tags:    
News Summary - naveen babu's post-mortem was conducted without the presence of family members -manjusha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.