കൊച്ചി: കോവിഡ് നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം ഇയാളെയും മറ്റ് 19 പേരെയും ഒഴിവാക്കി ദ ുബൈയിലേക്ക് പുറപ്പെട്ടു. ബ്രിട്ടനിൽ നിന്നുള്ള 19 അംഗ സംഘത്തെയാണ് ഒഴിവാക്കിയത്. ഇവരെ കൂടാതെ ഇന്ത്യക്കാരനായ ഒരാള ും സ്വമേധയാ യാത്ര ഒഴിവാക്കി. വിമാനം അണുവിമുക്തമാക്കിയ ശേഷമാണ് പുറപ്പെട്ടത്.
കോവിഡ് സംശയത്തെ തുടർന്ന് മൂന്നാറിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരനാണ് നാട്ടിലേക്ക് കടക്കാനായി അധികൃതരുടെ കണ്ണുവെട്ടിച്ച് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ആദ്യ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവ് ആയി. ഈ വിവരം അറിയിക്കും മുമ്പ് ഇയാൾ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു.
വിമാനത്തിൽ കയറിയ ഇയാളെ കോവിഡ് സംശയിക്കുന്ന യാത്രക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരിച്ചിറക്കി ആശുപത്രിയിലേക്ക് മാറ്റി. എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറിക്കി പരിശോധിച്ചു. ഇയാൾ ഉൾപ്പെടുന്ന 19 അംഗ ബ്രിട്ടീഷ് സംഘമാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
രോഗബാധിതനെയും ഭാര്യയെയും ഇപ്പോൾ കളമശ്ശേരിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ബ്രിട്ടീഷ് സംഘത്തെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
മാർച്ച് ആറിന് കൊച്ചി വിമാനത്താവളം വഴിയാണ് ബ്രിട്ടീഷ് പൗരൻ കേരളത്തിലെത്തിയത്. മാർച്ച് 10ന് ഇയാൾ മൂന്നാറിലെത്തി. കോവിഡ് സംശയത്തെ തുടർന്ന് മാർച്ച് 12 മുതൽ താമസിക്കുന്ന ഹോട്ടലിൽ നിരീക്ഷണത്തിലാക്കി. മാർച്ച് 14നാണ് ഇയാൾക്ക് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചത്. അന്ന് രാത്രി 10.30ഓടെ ഹോട്ടലിൽനിന്നും കടന്നുകളയുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ ആരോഗ്യപ്രവർത്തകർ ഹോട്ടലിൽ എത്തുമ്പോഴേക്കും ബ്രിട്ടീഷ് സംഘം കൊച്ചിയിലേക്ക് പോയിരുന്നെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വിദേശികൾ താമസിച്ച മൂന്നാറിലെ ഹോട്ടൽ അടച്ചു
കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനടക്കം വിദേശികൾ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ ടീ കൗണ്ടി ഹോട്ടൽ അടച്ചു. മുന്നാറിലെത്തിയിട്ടുള്ള വിദേശികളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് അധികൃതർ.
ഉന്നതലയോഗം ചേർന്നു
വൈറസ് ബാധയുള്ള ബ്രിട്ടീഷ് പൗരൻ മൂന്നാറിൽനിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്ത സംഭവത്തിൽ ഉന്നതതല യോഗം ചേർന്നു. മന്ത്രി എം.എം മണിയുടെ അധ്യക്ഷതയിൽ ഇടുക്കിയിലായിരുന്നു യോഗം.
ഹോട്ടൽ അധികൃതരുടേത് ഗുരുതര വീഴ്ച -മന്ത്രി
സംഭവത്തിൽ മൂന്നാറിലെ റിസോർട്ട് അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. നിരീക്ഷണത്തിലുണ്ടായിരുന്നവരെ പുറത്ത് വിടാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിമാനത്താവളം അടക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.