കൊച്ചി: തട്ടിപ്പുകേസില്‍ ഇടുക്കി നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര് കസ്റ്റഡി മർദനത്തെതുടർന്ന് മരിച്ച കേസിൽ മുൻ എസ്.പിയുടെ മുൻകൂർജാമ്യ ഹരജിയിൽ വിശദീകരണത്തിന് സി.ബി.ഐക്ക് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു.
സംഭവസമയത്ത് എസ്.പിയായിരുന്ന കെ.ബി. വേണുഗോപാൽ നൽകിയ ഹരജിയിലാണ് നിലപാട് വ്യക്തമാക്കാൻ 10 ദിവസംകൂടി നൽകിയത്. തുടർന്ന് ഹരജി വീണ്ടും ആഗസ്റ്റ് 10ന് പരിഗണിക്കാൻ മാറ്റി.
സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ അന്നത്തെ എസ്.പിയെയും രണ്ട് ഡിവൈ.എസ്.പിമാരെയുംകൂടി പ്രതിചേർക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മുൻ എസ്.പി കോടതിയെ സമീപിച്ചത്. രാജ്കുമാർ പൊലീസ് മർദനത്തെതുടർന്ന് 2019 ജൂൺ 21നാണ് മരിച്ചത്. സംഭവത്തിൽ എസ്.ഐ ഉൾപ്പെടെ എട്ട് പൊലീസുകാരെ പ്രതിചേർത്ത് പീരുമേട് പൊലീസ് കേസെടുത്തിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തുടർന്നാണ് ഹരജിക്കാരനെയടക്കം പ്രതിചേർക്കാനുള്ള നീക്കം പുറത്തുവന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദനവുമായി തനിക്ക് ബന്ധമില്ലെന്നും മുൻകൂർജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.