കൊല്ലം: നീറ്റ് പരീക്ഷക്കു മുമ്പ് വിദ്യാർഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച വിവാദത്തിൽ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ സ്വകാര്യ ഏജൻസിക്കെതിരെ രംഗത്ത്. ആയൂർ മാർത്തോമ കോളജിലെ ജീവനക്കാരാണ് സുരക്ഷ ഏജൻസിക്കെതിരെ രംഗത്തു വന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദേശപ്രകാരമാണ് വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് അവർ വിശദീകരിച്ചു.
കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അഴിച്ചുമാറ്റണമെന്നായിരുന്നു ഏജൻസിക്കാരുടെ നിർദേശം. തുടർന്ന് അവരുടെ ആവശ്യപ്രകാരം വിദ്യാർഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ വ്യക്തമാക്കി. കേസിൽ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കൊല്ലം കടക്കൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേസ് അന്വേഷിക്കാൻ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് ഇന്നറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതരടക്കം സമിതിയിലുണ്ടെന്നാണ് സൂചന. എൻ.ടി.എയിലെ പ്രതിനിധികളും സമിതിയിലുണ്ടാകും.
കൊല്ലത്താണ് നീറ്റ് പരീക്ഷക്കിടെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വിവാദ സംഭവം നടന്നത്. മൂന്ന് ഏജൻസി ജീവനക്കാരും കോളജിലെ രണ്ട് ശുചീകരണ ജീവനക്കാരുമാണ് സംഭവത്തിൽ അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കം ജാമ്യമില്ല കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനിയാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.