നീറ്റ് പരീക്ഷ: നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചുവിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി

തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത പരിപൂർണമായ തകർത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പിരിച്ചു വിടണമെന്ന് അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി. മെഡിക്കൽ പ്രവേശന പരീക്ഷ നേരത്തെ ഉണ്ടായിരുന്നത് പോലെ സംസ്ഥാനങ്ങളിൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

നീറ്റ് പരീക്ഷയുടെ മറയിൽ വിവിധ സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നടന്നതിന്റെ തെളിവുകൾ ഇതിനകം പുറത്ത് വന്നു കഴിഞ്ഞു. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ സാധൂകരിക്കുന്ന ധാരാളം വിവരങ്ങളും പുറത്തുവന്നിട്ടും ഒരന്വേഷണത്തിന് മുതിരാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്തെ അതിപ്രധാനമായ പ്രവേശന പരീക്ഷയാണ് നീറ്റ്. ഏകദേശം 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്.

വർഷങ്ങളുടെ കഠിനാധ്വാനത്തോടൊപ്പം പണവും ചിലവഴിച്ചാണ് വിദ്യാർഥികൾ നീറ്റ് (യുജി) പരീക്ഷക്ക് തയാറെടുക്കുന്നത്. പരീക്ഷാ തട്ടിപ്പിലൂടെ ഈ വിദ്യാർഥികൾ ക്രൂരമായ അനീതിക്ക് പാത്രമായിരിക്കുകയാണ്. മാത്രമല്ല, ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണവും തുടർന്ന് അത് സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളും പ്രവേശന പരീക്ഷയിലും അത് സംഘടിപ്പിക്കുന്ന ഏജൻസിയിലുമുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

മറുവശത്ത്, അനർഹർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കാനും ചോദ്യപേപ്പർ ചോർച്ച കാരണമാവുമെന്ന് മെഡിക്കൽ മേഖലയിലുള്ളവരും അക്കാദമിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ദേശീയ പ്രവേശന ക്രമക്കേട് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് തയാറാവണമെന്ന് സേവ് എജ്യുക്കേഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷാ നടത്തിപ്പ് ഒരു ദേശീയ ഏജൻസിയിൽ നടത്തുന്നതിലൂടെ അതിൽ നടക്കാൻ സാധ്യതയുള്ള ക്രമക്കേടുകൾ ഇല്ലാതാക്കാം എന്ന വാദം ഇതോടെ ഇല്ലാതായിക്കഴിഞ്ഞു. അതിനാൽ, അടിമുടി ക്രമക്കേട് നിറഞ്ഞ നീറ്റു പരീക്ഷ റദ്ദാക്കി സംസ്ഥാനതല പ്രവേശന പരീക്ഷകൾക്ക് ഉത്തരവ് നൽകണം.

ഈ സാഹചര്യത്തിൽ, മെഡിക്കൽ പ്രവേശന പരീക്ഷകൾ സംസ്ഥാന തലത്തിൽ നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ്‌ പ്രഫ.ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ്‌ എം. ഷാജർഖാൻ, സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ് എന്നിവർ പ്രസ്താവനയൽ ആവശ്യപ്പെട്ടു.

Tags:    
News Summary - NEET Exam: All India Save Education Committee wants to dissolve the National Testing Agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.