നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിക്കൽ; പരീക്ഷാഹാളിൽ നടന്നത് ഇതാണ്

കൊല്ലത്ത് നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണ്. അടിവസ്ത്രത്തിന്റെ കൊളുത്ത് ലോഹനിർമിതമായതിനാൽ ഇത് ഊരിയതിന് ശേഷം പരീക്ഷ എഴുതിയാൽ മതിയെന്ന് അധ്യാപകർ നിർബന്ധം പിടിച്ചതാണ് വിദ്യാർത്ഥിനികൾക്ക് വിനയായത്. ഇത് സംബന്ധിച്ച് കൊല്ലം സ്വദേശിനിയായ ഒരു വിദ്യാർത്ഥിയു​ടെ മാതാവ് ഫേസ്ബുക്കിൽ വിശദമായി സംഭവം കുറിച്ചിട്ടുണ്ട്. അതിൽനിന്ന്:

2022 നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയുടെ രക്ഷിതാവ് ആണ് ഞാനും. എന്റെ മകളെ ബാധിക്കുന്ന കാര്യം അല്ല എന്നു കരുതി പ്രതികരിക്കാതെ ഇരിക്കാൻ തോന്നുന്നില്ല.

കൊല്ലം, കാവനാട്, ലേക്ഫോർഡ് സ്കൂൾ ആയിരുന്നു മകളുടെ എക്സാം സെന്റർ. തുടക്കം മുതൽ എന്റെ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ...

800 കുട്ടികൾ പരീക്ഷ എഴുതാൻ എത്തിയ സ്കൂളിന്റെ പാർക്കിംഗ് ഏരിയയിൽ ഉൾകൊള്ളിക്കാൻ കഴിഞ്ഞത് വെറും 50 കാറുകൾ. മറ്റു വാഹനങ്ങൾ സെന്ററിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള ഇടുങ്ങിയ ഒരു റോഡിൽ.

800 വിദ്യാർത്ഥികളോടൊപ്പം വരുന്ന ആയിരത്തിലധികം രക്ഷിതാക്കൾക്കായി വെയിറ്റിങ് ഏരിയയോ, സമാന സജീകരണളോ ഉണ്ടായിരുന്നില്ല. ബസിലും മറ്റും കുട്ടികളെ കൊണ്ടുവന്ന രക്ഷിതാക്കൾ 11 മണി മുതൽ വൈകുന്നേരം ആറ് മണിവരെ മഴയും വെയിലും കൊണ്ട് ഗേറ്റിനു പുറത്ത് !! . അടുത്തുള്ള പടുകൂറ്റൻ വീടുകളുടെ ഗേറ്റുകൾ കൂടി കൊട്ടിയടക്കപ്പെട്ടതോടെ അവർ പൂർണ്ണമായും തളർന്നു. ഇരിക്കാൻ എന്തുകൊണ്ട് അധികൃതർ സൗകര്യം ഉണ്ടാക്കിയില്ല എന്ന പലരുടെയും ചോദ്യത്തിന് "നിങ്ങൾ വീട്ടിൽ പോയിട്ട് സമയം ആകുമ്പോൾ തിരികെ വരൂ "

എന്ന നിഷ്കരുണമായ സെക്യൂരിറ്റിയുടെ മറുപടി. മക്കൾക്കായ് എല്ലാം സഹിച്ച് രക്ഷിതാക്കൾ പുറത്ത് നിന്നു. അകത്ത് നടന്ന സംഭവവികാസങ്ങൾ ഒന്നും അറിയാതെ !.

ആറ് മണിയോടെ എല്ലാ വിദ്യാർത്ഥികളും പുറത്തിറങ്ങി. പരീക്ഷാ വിശേഷങ്ങൾ ചൂടോടെ പറഞ്ഞതിന് ശേഷമാണ് അവിടുത്തെ കോഡിനേറ്റേഴ്സിനെപ്പറ്റി കുട്ടികൾ പറയുന്നത്.

ചെക്കിംഗിൽ മെറ്റൽ ഡിറ്റക്ടർ കൂടാതെ ഫിസിക്കൽ ടച്ച് പാടില്ല എന്ന എൻ.ടി.എയുടെ നിർദ്ദേശം ലേക്ഫോർഡ് സ്കൂൾ അറിഞ്ഞില്ലെന്ന് തോന്നുന്നു. മെഷീൻ ചെക്കിംഗിന് പുറമെ കുട്ടികളുടെ ശരീരഭാഗത്ത് പലരീതിയിൽ സ്പർശിച്ചുകൊണ്ടുള്ള ചെക്കിംഗ്.

ഷാൾ ധരിക്കാൻ ഓപ്ഷൻ വച്ച വിദ്യാർത്ഥികളെപ്പോലും നിർബന്ധിച്ച് ഷാൾ അഴിപ്പിച്ചു. മെറ്റൽ ഇല്ലാത്ത കട്ടി കുറഞ്ഞ ഹെയർ ബാൻഡ് പോലും അഴിപ്പിച്ചു.

ഷാൾ ഓപ്ഷൻ വച്ചിട്ടുണ്ട് എന്ന് പ്രതികരിച്ച കുട്ടികളെ അത് ധരിപ്പിച്ച് കയറ്റിയെങ്കിലും പരീക്ഷക്ക് മിനിറ്റുകൾ ബാക്കിനിൽക്കെ ക്ലാസ്സിൽ നിന്ന് അവരുടെ ഷാൾ ഊരിവാങ്ങി!. കട്ടികുറഞ്ഞ, വെള്ള ഡ്രസ് ധരിച്ച പെൺകുട്ടികൾ, ആറ് മണിക്കൂർ ആൺകുട്ടികളോടൊപ്പം അസ്വസ്ഥമായി ഇരിക്കേണ്ടി വന്ന അസ്ഥ !.

ലജ്ജ തോന്നുന്നുണ്ട്... ഒരു വർഷം നീറ്റ് എന്ന ലക്ഷ്യത്തിനായ് കഷ്ടപ്പെട്ട ഈ വിദ്യാർത്ഥികളെ കുറച്ച് സമയം കൊണ്ട് മാനസികമായി സമ്മർദ്ദത്തിലാക്കിയപ്പോൾ ഓവർ സ്മാർട്ട് ആകാൻ ശ്രമിച്ച ലേക്ഫോർഡ് അധികൃതർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെട്ടത് വിദ്യാർത്ഥികൾക്കാണ്. വർഷങ്ങളായ് എം.ബി.ബി.എസ് സ്വപ്നം കണ്ട്, രാപ്പകലില്ലാതെ പരിശ്രമിച്ച വിദ്യാർത്ഥികൾക്ക്!!. 

Tags:    
News Summary - neet exam row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.